വാഷിങ്ടണ്‍: സാമൂഹിക മാധ്യമങ്ങളുടെ മാതൃകമ്പനിയായ മെറ്റയുടെ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെതിരെ യുഎസില്‍ അന്വേഷണം. സുക്കര്‍ബര്‍ഗിന്റെ ചൈനീസ് ബന്ധത്തെ കുറിച്ചാണ് യുഎസ് സെനറ്റിന്റെ ഉപസമിതി അന്വേഷണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കൈമാറാന്‍ സമിതി മെറ്റയോട് ആവശ്യപ്പെട്ടു.
ഫെയ്സ്ബുക്കിന്റെ ഗ്ലോബല്‍ പബ്ലിക് പോളിസി ഡയറക്ടറായിരുന്ന സാറ വിന്‍- വില്യംസിന്റെ വെളിപ്പെടുത്തലാണ് അന്വേഷണത്തിന് കാരണമായത്. കെയര്‍ലെസ് പീപ്പിള്‍ എന്ന തന്റെ പുസ്തകത്തിലാണ് സാറ ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചത്. ഫെയ്സ്ബുക്കില്‍ ജോലി ചെയ്തിരുന്ന കാലത്തെ അനുഭവങ്ങളാണ് സാറ പങ്കുവെച്ചത്.
ചൈനീസ് വിപണിയിലേക്ക് പ്രവേശിക്കാന്‍ ഫെയ്സ്ബുക്ക് രഹസ്യമായി ശ്രമിച്ചിരുന്നുവെന്നാണ് പുസ്തകത്തില്‍ പറയുന്നത്. ഇതിനായി ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണങ്ങളുമായി ഒത്തുപോകുന്ന സെന്‍സര്‍ഷിപ്പ് നടപ്പാക്കാനായുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫെയ്സ്ബുക്ക് ചെയ്തുവെന്നും സാറ പറയുന്നു.
2017ലാണ് സാറയെ ഫെയ്സ്ബുക്കിലെ ജോലിയില്‍ നിന്ന് പുറത്താക്കിയത്. തന്റെ മേധാവിയായ ജോയല്‍ കപ്ലാന്‍ നടത്തിയ ലൈംഗികാതിക്രമത്തെക്കുറിച്ച് പരാതിപ്പെട്ടതിനുള്ള പ്രതികാര നടപടിയായാണ് പുറത്താക്കിയതെന്ന് സാറ ആരോപിച്ചു. അതേസമയം സാറയുടെ ആരോപണങ്ങള്‍ മെറ്റ നിഷേധിച്ചു.
യുഎസ് സെനറ്റര്‍മാരായ റോണ്‍ ജോണ്‍സണ്‍, റിച്ചാര്‍ഡ് ബ്ലുമെന്‍താല്‍, ജോഷ് ഹാവ്ലെയ് എന്നിവരടങ്ങുന്ന ഉപസമിതിയാണ് അന്വേഷണം നടത്തുന്നത്. 2014 മുതല്‍ ചൈനീസ് ഉദ്യോഗസ്ഥരുമായി മെറ്റ നടത്തിയ ആശയവിനിമയങ്ങള്‍ സുക്കര്‍ബര്‍ഗിന് കത്ത് നല്‍കി. മെറ്റയുടെ ചൈനയിലെ അനുബന്ധ സ്ഥാപനങ്ങള്‍, ചൈനയില്‍ പുറത്തിറക്കിയ ഉത്പന്നങ്ങള്‍ എന്നിവയെ കുറിച്ചുള്ള രേഖകളും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ‘പ്രൊജക്ട് ആല്‍ഡ്രിന്‍’ എന്നായിരുന്നു ചൈനീസ് വിപണിയിലേക്ക് കടക്കാനുള്ള ഫെയ്സ്ബുക്കിന്റെ പദ്ധതിയുടെ കോഡ് നാമം. കാലിഫോര്‍ണിയയ്‌ക്കും ഹോങ്കോങ്ങിനുമിടയില്‍ കടലിനടിയിലൂടെ സ്ഥാപിക്കാനിരുന്ന ടെലികമ്യൂണിക്കേഷന്‍സ് കേബിള്‍ പദ്ധതിയെ കുറിച്ചും സമിതി അന്വേഷിക്കുന്നുണ്ട്. വിവരങ്ങള്‍ ലഭ്യമാക്കാനായി ഈ മാസം 21 വരെയാണ് സെനറ്റ് ഉപസമിതി മെറ്റയ്‌ക്ക് നല്‍കിയ സമയം.