
ന്യൂദല്‍ഹി: സാവിത്രിബായ് ഫുലെയുടെയും റാണി വേലു നാച്ചിയാരുടെയും ജന്മവാര്‍ഷിക ദിനത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി. സേവനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും സമൂഹത്തിന്റെ പരിവർത്തനത്തിനായി ജീവിതം സമർപ്പിച്ച പ്രമുഖ സാമൂഹ്യപരിഷ്കർത്താവാണ് സാവിത്രിബായ്. സാവിത്രിബായ് ഫുലെ ധീരതയുടെയും തന്ത്രപരമായ വൈദഗ്ധ്യത്തിന്റെയും പ്രതീകമായ ഇന്ത്യയിലെ ഏറ്റവും വലിയ പോരാളികളിൽ ഒരാളായി സ്മരിക്കപ്പെടുന്നു.
സമത്വം, നീതി, അനുകമ്പ എന്നീ തത്വങ്ങളോടു സാവിത്രിബായ് ഫുലെ അങ്ങേയറ്റം പ്രതിജ്ഞാബദ്ധത പുലർത്തിയിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. സാമൂഹ്യമാറ്റത്തിനുള്ള ഏറ്റവും ശക്തമായ സങ്കേതം വിദ്യാഭ്യാസമാണെന്ന് അവർ ഉറച്ചു വിശ്വസിച്ചു. അറിവിലൂടെയും പഠനത്തിലൂടെയും ജീവിതങ്ങളെ മാറ്റിമറിക്കുന്നതിനായി അവർ സ്വജീവിതം സമർപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സാവിത്രിബായ് ഫുലെയുടെ ശ്രദ്ധേയ സംഭാവനകൾ എടുത്തുകാട്ടി, ദുർബല വിഭാഗങ്ങളിലുള്ളവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും അവർ കാണിച്ച കരുതൽ സേവനത്തിന്റെയും മാനുഷികതയുടെയും പ്രചോദനാത്മകമായ മാതൃകയാണെന്നു മോദി വ്യക്തമാക്കി. ഏവരെയും ഉൾക്കൊള്ളുന്നതും ശാക്തീകരിക്കപ്പെട്ടതുമായ സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള രാജ്യത്തിന്റെ പരിശ്രമങ്ങൾക്ക് അവരുടെ കാഴ്ചപ്പാട് ഇന്നും മാർഗനിർദേശമായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എക്സ് പോസ്റ്റുകളിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:
“സാവിത്രിബായ് ഫുലെയുടെ ജന്മവാർഷികത്തിൽ, സേവനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും സമൂഹത്തിന്റെ പരിവർത്തനത്തിനായി ജീവിതം സമർപ്പിച്ച മാർഗദർശിയെ നാം അനുസ്മരിക്കുന്നു. സമത്വം, നീതി, അനുകമ്പ എന്നീ തത്വങ്ങളോട് അവർ അങ്ങേയറ്റം പ്രതിജ്ഞാബദ്ധത പുലർത്തിയിരുന്നു. സാമൂഹ്യമാറ്റത്തിനുള്ള ഏറ്റവും ശക്തമായ സങ്കേതം വിദ്യാഭ്യാസമാണെന്ന് അവർ ഉറച്ചു വിശ്വസിച്ചു. അറിവിലൂടെയും പഠനത്തിലൂടെയും ജീവിതങ്ങളെ മാറ്റിമറിക്കുന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചു. ദുർബല വിഭാഗങ്ങളിലുള്ളവരോടുള്ള അവരുടെ കരുതലും ശ്രദ്ധയും ഏറെ ശ്രദ്ധേയമാണ്.”
റാണി വേലു നാച്ചിയാരുടെ ജന്മവാർഷിക ദിനത്തിൽ, ആ ഐതിഹാസിക രാജ്ഞിക്ക് പ്രധാനമന്ത്രി ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ചു.
കൊളോണിയൽ അടിച്ചമർത്തലിനെതിരെ റാണി വേലു നാച്ചിയാർ പോരാടിയതായും സ്വയം ഭരണത്തിനുള്ള ഇന്ത്യക്കാരുടെ അവകാശത്തെ ഉയർത്തിപ്പിടിച്ചതായും പ്രധാനമന്ത്രി കുറിച്ചു. സദ്ഭരണത്തോടും സാംസ്കാരിക അഭിമാനത്തോടുമുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധത ഇന്നും രാജ്യത്തിന് പ്രചോദനമാണ്.
അവരുടെ ത്യാഗവും ദീർഘവീക്ഷണമുള്ള നേതൃത്വവും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുമെന്നും ഇന്ത്യയുടെ പുരോഗതിയിലേക്കുള്ള യാത്രയിൽ ധീരതയുടെയും ദേശസ്നേഹത്തിന്റെയും ദീപസ്തംഭമായി അത് നിലനിൽക്കുമെന്നും നരേന്ദ്രമോദി എടുത്തുപറഞ്ഞു.
എക്സിലെ വിവിധ പോസ്റ്റുകളിൽ പ്രധാനമന്ത്രി കുറിച്ചു:
“റാണി വേലു നാച്ചിയാരുടെ ജന്മവാർഷികദിനത്തിൽ അവർക്ക് ശ്രദ്ധാഞ്ജലി. ധീരതയുടെയും തന്ത്രപരമായ വൈദഗ്ധ്യത്തിന്റെയും പ്രതീകമായ, ഇന്ത്യയിലെ ഏറ്റവും ധീരരായ പോരാളികളിൽ ഒരാളായി അവർ സ്മരിക്കപ്പെടുന്നു. കൊളോണിയൽ അടിച്ചമർത്തലിനെതിരെ അവർ പോരാടുകയും ഇന്ത്യക്കാർക്ക് സ്വയം ഭരണത്തിനുള്ള അവകാശമുണ്ടെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. സദ്ഭരണത്തോടും സാംസ്കാരിക അഭിമാനത്തോടുമുള്ള അവരുടെ പ്രതിബദ്ധത പ്രശംസനീയമാണ്. അവരുടെ ത്യാഗവും ദീർഘവീക്ഷണമുള്ള നേതൃത്വവും തലമുറകളെ എന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും”