കോഴിക്കോട്: നാടിന്റെ സാഹോദര്യവും സമാധാനവും തകര്‍ക്കാനുള്ള ശ്രമങ്ങളെ യുവത്വം കരുതിയിരിക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവസമൂഹത്തിന്റെ ഇടപെടലുകളെ പൊതുസമൂഹം വളരെ പ്രതീക്ഷയോടെ കാണുന്നത്. കലുഷിതമായ കാലമാണിത്. അരാജകത്വത്തിനും അരാഷ്ട്രീയ വാദത്തിനുമെതിരെ യുവസമൂഹം ഇടപെടണം. ജനാധിപത്യ മാര്‍ഗത്തിലും അതിര് വിടാതെയുമാണ് പ്രതിഷേധങ്ങളും ഇടപെടലുകളും ഉണ്ടാവേണ്ടത്. നാടിന്റെ പൈതൃകവും സംസ്‌കാരവും നിലനിര്‍ത്തണം. രാജ്യതാല്‍പര്യങ്ങളും ജനക്ഷേമവും മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ യുവസമൂഹം ആലോചിക്കണം.
കോഴിക്കോട് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന കൗണ്‍സില്‍ മീറ്റില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ. എം ഷാജി, രാജ്യസഭ എം.പി ഹാരിസ് ബീരാന്‍ കൗണ്‍സിലിനെ അഭിവാദ്യം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സംഘടന കാര്യങ്ങള്‍ വിശദീകരിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഭരണഘടന സബ് കമ്മിറ്റി കണ്‍വീനറുമായ ഗഫൂര്‍ കോല്‍ക്കളത്തില്‍ അവതരിപ്പിച്ച ഭരണഘടന കരടിന് കൗണ്‍സില്‍ അംഗീകാരം നല്‍കി. സംസ്ഥാന ട്രഷറര്‍ പി. ഇസ്മായീല്‍, വൈസ് പ്രസിഡന്റ്മാരായ മുജീബ് കാടേരി, അഷ്റഫ് എടനീര്‍, കെ..എ മാഹിന്‍ സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. നസീര്‍ കാര്യറ, ടി.പി.എം ജിഷാന്‍, ഫാത്തിമ തെഹ്‌ലിയ, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ടിപി അഷ്റഫലി, എം. എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി. കെ നവാസ്, യുത്ത് ലീഗ് ദേശീയ ഭാരവാഹികളായ സാജിദ് നടുവണ്ണൂര്‍, ആഷിഖ് ചെലവൂര്‍, സി.കെ ഷാക്കിര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി. വി അഹമ്മദ് സാജു, പി.ജി മുഹമ്മദ് പ്രസംഗിച്ചു.