
ഇംഫാല്‍(മണിപ്പൂര്‍): ഏത് വിവിധതയിലും നമ്മള്‍ ഒരമ്മയുടെ മക്കളെന്ന സാഹോദര്യഭാവനയാണ് ഭാരതത്തിന്റെ ഏകാത്മകതയുടെ അടിസ്ഥാനമെന്നും അതാണ് ധര്‍മമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഇംഫാലിലെ ഭാസ്‌കരപ്രഭ കാമ്പസില്‍ മണിപ്പൂരിലെ ഇരുനൂറിലേറെ വരുന്ന ഗോത്രവര്‍ഗനേതാക്കളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനവാസിസമൂഹത്തിന്റെ പ്രശ്നങ്ങള്‍ സമാജത്തിന്റെയാകെ പ്രശ്നങ്ങളാണ്. ഒരു കുടുംബത്തിനുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക സംഭാഷണത്തിലൂടെയാണ്. ഭരണഘടനാ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുതന്നെ വിഷയങ്ങള്‍ക്ക് അവസാനം കാണാന്‍ നമുക്ക് കഴിയണം. നിലനില്‍ക്കുന്ന നിരവധി പ്രശ്‌നങ്ങളുടെയും ഭിന്നതകളുടെയും വേരുകള്‍ കൊളോണിയല്‍ കാലഘട്ടത്തിലെ നയങ്ങളിലാണ് ഊന്നിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആയിരക്കണക്കിന് വര്‍ഷങ്ങളായി ഭാരതത്തിലെ ജനങ്ങളുടെ സാംസ്‌കാരികവും ജനിതകവുമായ ഡിഎന്‍എ അതേപടി നിലനില്‍ക്കുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. നമ്മുടെ വൈവിധ്യം മനോഹരമാണ്, പക്ഷേ നമ്മുടെ ബോധം ഒന്നാണ്. ഒരുമിക്കാന്‍ ഒരേ വേഷമോ ഒരേ വിശ്വാസമോ ഒരേ ഭാഷയോ ആവശ്യമില്ല. ഭരണഘടനയിലെ അടിസ്ഥാന മൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഫ്രഞ്ച് വിപ്ലവത്തില്‍ നിന്നല്ല, ഭഗവാന്‍ ബുദ്ധന്റെ ദര്‍ശനങ്ങളില്‍ നിന്നാണ് സ്വീകരിച്ചതെന്ന് ഡോ. ഭീംറാവു അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. സാഹോദര്യത്തെ വിലമതിക്കാത്തതുകൊണ്ടാണ് ലോകത്തെ പല രാജ്യങ്ങളും ശിഥിലമായതും പരാജയപ്പെട്ടതും. സമാധാനവും പുരോഗതിയും സാധ്യമാകണമെങ്കില്‍ സമൂഹത്തില്‍ ഐക്യബോധം ഉണ്ടാകണം. അതിന് ഓരോ വ്യക്തിയും സ്വഭാവശുദ്ധിയുള്ളവരായിത്തീരണം. ആര്‍എസ്എസ് പ്രവര്‍ത്തനം ഈ ദിശയിലാണ്, സര്‍സംഘചാലക് പറഞ്ഞു.
സമൂഹത്തെ ഒന്നിപ്പിക്കുകയും ശക്തിപ്പെടുത്തുകയുമാണ് സംഘം ചെയ്യുന്നത്. സംഘം ആര്‍ക്കും എതിരല്ല. നേതാക്കളും രാഷ്‌ട്രീയകക്ഷികളും സര്‍ക്കാരുകളുമെല്ലാം സമൂഹത്തിന്റെ പങ്കാളികളാണ്. ഇവയെല്ലാം രാഷ്‌ട്രതാത്പര്യത്തിനായി ഒന്നിക്കണം. സംഘം രാഷ്‌ട്രീയത്തില്‍ ഏര്‍പ്പെടുകയോ അത്തരത്തില്‍ ഏതെങ്കിലും സംഘടനയെ നയിക്കുകയോ ചെയ്യുന്നില്ല. സൗഹൃദവും സ്നേഹവും ഐക്യവുമാണ് സംഘത്തിന്റെ പെരുമാറ്റരീതി. സമൂഹക്ഷേമത്തിനായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ഭാരതീയജീവിത സംസ്‌കൃതിയില്‍ അഭിമാനിക്കുകയും ചെയ്യുന്ന ഏതൊരാളും അപ്രഖ്യാപിത സ്വയംസേവകനാണ്. സംഘത്തിന് സ്വന്തമായി ഒന്നും വേണ്ട, നല്ലൊരു സമാജം മാത്രമേ വേണ്ടൂ.
തദ്ദേശീയ ജീവിതശൈലികള്‍ സ്വീകരിക്കാനും പാരമ്പര്യങ്ങളിലും ഭാഷകളിലും ലിപികളിലും അഭിമാനം കൊള്ളാനും അദ്ദേഹം ഗോത്ര സമൂഹങ്ങളോട് ആഹ്വാനം ചെയ്തു. ഇന്ന്, ലോകം മാര്‍ഗദര്‍ശനത്തിനായി ഭാരതത്തെ ഉറ്റുനോക്കുന്നു. നാം ശക്തമായ ഒരു രാഷ്‌ട്രം കെട്ടിപ്പടുക്കേണ്ടതുണ്ട്, സംഘം ഇതിനായി നിരന്തരം പ്രവര്‍ത്തിക്കുന്നു, സര്‍സംഘചാലക് പറഞ്ഞു.
ഭാരതം പുതുതായി സൃഷ്ടിക്കപ്പെട്ട ഒരു രാജ്യമല്ല, മറിച്ച് ഒരു പുരാതനവും അവിഭക്തവുമായ രാഷ്‌ട്ര-സംസ്‌കാരമാണെന്ന് മനസ്സിലാക്കണമെന്ന് തുടര്‍ന്നു നടന്ന യുവസംവാദത്തില്‍ ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. നമ്മുടെ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും മണിപ്പൂര്‍, ബര്‍മ്മ, ഇന്നത്തെ അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ പ്രദേശങ്ങളെ പരാമര്‍ശിക്കുന്നു, ഇത് വിശാലമായ സാംസ്‌കാരികവും ആത്മീയവുമായ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നു. ധര്‍മം നമ്മെ ഉള്ളില്‍ നിന്ന് ഒന്നിപ്പിക്കുന്നതുപോലെ, വൈവിധ്യമാര്‍ന്ന സമൂഹമാണ് രാഷ്‌ട്രത്തിന്റെ ആന്തരിക ശക്തി എന്ന് അദ്ദേഹം പറഞ്ഞു. ഭാരതം ഉയരുമ്പോള്‍ ലോകം ഉയരും. ഉണര്‍വോടെ, സംഘടിതമായി, ഉറച്ച ചുവടുവയ്‌പ്പോടെ മുന്നോട്ട് പോകേണ്ടത് നമ്മുടെ കടമയാണ്, മോഹന്‍ ഭാഗവത് ഓര്‍മ്മിപ്പിച്ചു.