കൊച്ചി: സിഎംആര്‍എല്‍ മാസപ്പടിക്കേസില്‍ എസ്എഫ്‌ഐഒ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം ജില്ലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിചാരണ ചുമതലയുള്ള ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്-7ലേക്ക് ജില്ലാ കോടതി കുറ്റപത്രം കൈമാറി.
യാതൊരു സേവനങ്ങളും നല്‍കാതെ സിഎംആര്‍എല്‍ വീണാ വിജയന്റെ എക്‌സാലോജിക്‌സ് എന്ന കമ്പനിക്ക് 2.7 കോടി രൂപ കൈമാറിയെന്ന കുറ്റം വ്യക്തമാണെന്ന് കുറ്റപത്രത്തില്‍ എസ്എഫ്‌ഐഒ വിശദീകരിക്കുന്നു. എതിര്‍ കക്ഷികളായ പ്രതികള്‍ക്ക് കോടതി സമണ്‍സ് അയച്ച് കേസിലെ വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കും. കേസിനെതിരെ വീണാ വിജയനും മറ്റു പ്രതികളും മേല്‍ക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്. കുറ്റപത്രം നിലനില്‍ക്കില്ല എന്ന നിലപാട് സ്വീകരിച്ച് പ്രതികള്‍ മേല്‍ക്കോടതിയെ സമീപിക്കുകയോ വിചാരണകോടതിയെ തന്നെ സമീപിക്കുകയോ ചെയ്‌തേക്കും.