അർബുദ രോഗം മൂലം അകാലത്തിൽ വിട പറഞ്ഞ ടെലിവിഷൻ താരം സിദ്ധാർഥ് വേണുഗോപാലിനെ പറ്റി മനസ് തുറന്ന് നടി സീമ ജി. നായർ. ഏറെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കിവച്ചാണ് സിദ്ധാർഥ് മടങ്ങിയതെന്ന് സീമ പറഞ്ഞു.
സിദ്ധാർത്ഥിനെ ബാധിച്ചത് ‘ന്യൂറോ എൻഡോക്രൈൻ കാർസിനോമ’ എന്ന അതീവ ഗുരുതരമായ കാൻസർ ആയിരുന്നു . മികച്ച ചികിത്സകൾ നൽകിയിട്ടും ജീവിതത്തിലേയ്‌ക്ക് മടക്കി കൊണ്ടുവരാനായില്ല.
രണ്ട് വർഷം മുൻപ് വയറുവേദനയോടെയാണ് രോഗം തുടങ്ങിയത് . ഗ്യാസ്ട്രബിൾ ആണെന്ന് കരുതിയിരുന്ന രോഗം കാൻസർ ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ നടൻ അരുൺ ഘോഷ് വഴിയാണ് താൻ സിദ്ധാർത്ഥിനെ പരിചയപ്പെട്ടതെന്നും സീമ പറഞ്ഞു. മുൻപ് പരിചയമില്ലാതിരുന്നിട്ടും ഡോക്ടറെ കാണാൻ സിദ്ധാർത്ഥിനൊപ്പം പോയ ആ യാത്ര അവന്റെ മരണം വരെ തുടർന്നു എന്നും അവർ പറഞ്ഞു.
രോഗം ഭേദമായി അഭിനയത്തിലേക്കും കുടുംബജീവിതത്തിലേക്കും മടങ്ങിവരാൻ സിദ്ധാർത്ഥ് ഏറെ ആഗ്രഹിച്ചിരുന്നു. ഇൻഷുറൻസ് തുക നിസ്സാര കാര്യത്തിന് തള്ളിയത് ചികിത്സയിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെങ്കിലും അവനെ കൈവിടാൻ തങ്ങൾ തയ്യാറായിരുന്നില്ലെന്ന് സീമ വ്യക്തമാക്കി. അസാമാന്യമായ വേദന അനുഭവിച്ചിരുന്നപ്പോഴും, മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് പോലും താൻ രക്ഷപ്പെടുമെന്ന ശുഭാപ്തിവിശ്വാസം സിദ്ധാർത്ഥിനുണ്ടായിരുന്നു .
നടി ശരണ്യയുടെ കാര്യത്തിലെന്നപോലെ സിദ്ധാർത്ഥുമായും വലിയൊരു ആത്മബന്ധം ഉണ്ടായെന്നും, അതുകൊണ്ടാണ് അവനെ തനിയെ വിട്ടുപോരാൻ തനിക്ക് തോന്നാതിരുന്നതെന്നും സീമ പറഞ്ഞു. കാൻസർ ബാധിതനായിരുന്നു നടൻ രണ്ട് വർഷത്തോളം രോഗത്തോട് പോരാടിയാണ് മരണമടയുന്നത്. സീമാ ജി. നായരാണ് സിദ്ധാർഥിന്റെ മരണവിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. സ്വകാര്യ ചാനലിൽ അവതാരകനായിരിക്കെയാണ് സീരിയലിലേയ്‌ക്ക് എത്തുന്നത്. ‘കസ്തൂരിമാൻ,’ ‘ഭാഗ്യജാതകം’ തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടനായിരുന്നു സിദ്ധാർഥ്.