• Mon. Aug 4th, 2025

24×7 Live News

Apdin News

സിനിമാ കോണ്‍ക്ലേവ്: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ഒന്നും മിണ്ടാതെ മുഖ്യമന്ത്രി

Byadmin

Aug 3, 2025



തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സിനിമാ നയരൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കേരള ഫിലിം പോളിസി കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

മലയാള സിനിമയില്‍ നടിമാര്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളും മറ്റു പ്രശ്‌നങ്ങളും പഠിച്ച് പരിഹാരനടപടികള്‍ സമര്‍പ്പിക്കുന്നതിനായി പിണറായി സര്‍ക്കാര്‍ തന്നെ നിയോഗിച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ട് അഞ്ചര വര്‍ഷം കഴിഞ്ഞു.

എന്നാല്‍ സിനിമാ കോണ്‍ക്ലേവില്‍ പിണറായി വിജയന്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല. ഹേമകമ്മറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് 40 കേസുകള്‍ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരുന്നു. നടന്മാരായ മുകേഷ്, സിദ്ധിഖ്, മണിയന്‍പിള്ള രാജു, സംവിധായകന്‍ രഞ്ജിത്ത് തുടങ്ങിയവരുടേതുള്‍പ്പടെ 30 കേസുകളില്‍ കുറ്റപത്രം നല്‍കിയെങ്കിലും കേസുകള്‍ എങ്ങുമെത്തിയില്ല.

തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിച്ച ജെ.സി ഡാനിയേലിന്റെ വിഗതകുമാരനില്‍ നിന്നാണ് മലയാള സിനിമയുടെ ചരിത്രം തുടങ്ങുന്നതെന്നും ആ തിരുവനന്തപുരം തന്നെ ഇത്തരമൊരു ഉദ്യമത്തിനും വേദിയാകുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാള സിനിമാലോകത്തെ നവീകരിക്കേണ്ടതും വിപുലീകരിക്കേണ്ടതും ഏറെ അനിവാര്യമായിരിക്കുകയാണെന്നും അതിനുതകുന്ന ഒരു ചുവടുവെയ്‌പ്പാണ് കോണ്‍ക്ലേവ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അപമാനിക്കുന്നതും, കേരളത്തെ ലോകസമക്ഷം അപകീര്‍ത്തിപ്പെടുത്തി അവതരിപ്പിക്കുന്നതുമായ ഒരു ചലച്ചിത്രമാണ് അംഗീകരിക്കപ്പെട്ടത്. ഇത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നും ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തെ സംബന്ധിച്ച് പിണറായി വിജയന്‍ പറഞ്ഞു.

ചലച്ചിത്ര നയത്തിന് ദിശാബോധം നല്‍കാന്‍ സിനിമ കോണ്‍ക്ലേവിന് കഴിയുമെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. നല്ല സിനിമ, നല്ല നാളെ, ജനാധിപത്യത്തിലൂന്നി രൂപീകരിക്കുന്ന സിനിമ കോണ്‍ക്ലേവിന് ആശംസകള്‍ നേരുന്നു. കാലത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ചില പരിമിതികള്‍ ഉണ്ടാവാം.
അതിന് കൂട്ടായ ചര്‍ച്ചയിലൂടെ പരിഹാരം കാണാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മലയാള സിനിമ ദൈവത്തിന്റെ സിനിമയെന്ന് നടി സുഹാസിനി പറഞ്ഞു. കോണ്‍ക്ലേവ് മാതൃകയാവും. മലയാള സിനിമ എപ്പോഴും മാതൃകയാണെന്നും സുഹാസിനി വ്യക്തമാക്കി.

നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചിലാണ് കോണ്‍ക്ലേവ് നടന്നത്. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായ ചടങ്ങില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാരായ വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ്, റസൂല്‍ പൂക്കുട്ടി, കെ. മധു, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, ഡോ. ശശിതരൂര്‍ എം.പി, വി.കെ. പ്രശാന്ത് എംഎല്‍എ, ദിവ്യ എസ്. അയ്യര്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍ വര്‍ പങ്കെടുത്തു.

By admin