കോഴിക്കോട്: ഭീകരതയ്‌ക്കെതിരെ ഭാരത സൈന്യം നടത്തിയ സിന്ദൂര്‍ ദൗത്യത്തിന്റെ ആവേശവും ഭാരത സ്ത്രീകളുടെ കരുത്തും ചേര്‍ന്നപ്പോള്‍ കോഴിക്കോട് നഗരത്തില്‍ നടന്ന അഹല്യാ ബായ് ഹോള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷം അതീവ ശ്രദ്ധേയമായി.
മുന്നൂറു വര്‍ഷം മുമ്പ് ജന്മംകൊണ്ട രാജമാതാ അഹല്യാ ബായ് ഹോള്‍ക്കര്‍ എന്ന ധീരവനിതയുടെ മൂന്നാം ജന്മശതാബ്ദിയാണ് കോഴിക്കോട് മഹിളാ സമന്വയവും സാമാജിക സമരസതയും ചേര്‍ന്ന് ആഘോഷിച്ചത്. അഹല്യാബായ് അനുസ്മരണം, കുടുംബ പ്രബോധനം, രാജമാതയുടെ ജീവിതത്തെ ആധാരമാക്കിയുള്ള നൃത്തനാടകം എന്നിങ്ങനെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് വനിതകള്‍ എത്തിച്ചേര്‍ന്നു. ചാലപ്പുറം കേസരി ഭവനിലെ പരമേശ്വരം ഹാളിലായിരുന്നു പരിപാടികള്‍.
സിനിമാ താരവും നര്‍ത്തകിയും പ്രഭാഷകയുമായ കുമാരി അഖില ശശിധരന്‍ അധ്യക്ഷയായിരുന്നു. സിന്ദൂറിലൂടെ ഭാരതസൈന്യം ധര്‍മ സംരക്ഷണത്തിനുവേണ്ടി ലോകത്തിനു മുന്നില്‍ കരുത്തുകാട്ടിയ വേളയില്‍ ഈ ആഘോഷം നമ്മുടെ പൂര്‍വകാല ചരിത്രം ഓര്‍മിപ്പിക്കുന്നതു കൂടിയാണെന്ന് അഖില പറഞ്ഞു.
കേന്ദ്ര വാട്ടര്‍ റീസോഴ്‌സസ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റില്‍ ശാസ്ത്രജ്ഞയായിരുന്ന ഡോ. ജലജ കെ.ടി. ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ ഇന്ന് ഏറെ മുന്നോട്ടു കുതിച്ചിട്ടുണ്ട്. ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്ന് അവര്‍ ഓര്‍മിപ്പിച്ചു.
ചുംബനസമരവും ആര്‍ത്തവസമരവും താലി പൊട്ടിക്കല്‍ സമരവുമല്ല സ്ത്രീ ശാക്തീകരണം, രാജ്യഭരണം കൈയാളിയ അഹല്യാബായ് ഹോള്‍ക്കറെപ്പോലെ വീരാംഗനമാരെ സൃഷ്ടിക്കലാണെന്ന് മുഖ്യപ്രഭാഷണത്തില്‍ വിഎച്ച്പി മാതൃശക്തി സംസ്ഥാന സംയോജക മിനി ഹരികുമാര്‍ പറഞ്ഞു. രാമായണത്തിലെ അഹല്യയെ എല്ലാവര്‍ക്കും പരിചിതമാണ്. എന്നാല്‍ ഭാരതത്തില്‍ ഭരണാധികാരിയായി ഒരു അഹല്യ ഉണ്ടായിരുന്നുവെന്നത് പലര്‍ക്കും അറിയില്ല, ചരിത്രം വിസ്മരിച്ചു.
അത്തരം വീരാംഗനമാരുടെ ചരിത്രം പഠിച്ചാല്‍ സ്ത്രീശാക്തീകരണം സംഭവിക്കുമെന്ന ചിന്തയില്‍ ചരിത്രകാരന്മാര്‍ അഹല്യയെ വിസ്മരിക്കുകയായിരുന്നു. അവര്‍ പറഞ്ഞു. ആര്‍എസ്എസ് വിഭാഗ് സഹസംഘചാലക് എ.കെ. ശ്രീധരന്‍ സമാപന സന്ദേശം നല്‍കി. സാമാജിക സമരസത വിഭാഗ് സംയോജകന്‍ സി.എം. രാമചന്ദ്രന്‍ പങ്കെടുത്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഭാവനാ സുമേഷ് സ്വാഗതവും മഹിളാ സമന്വയം ജില്ലാ സഹ സംയോജക ശ്രീജാ വിജയ് നന്ദിയും പറഞ്ഞു.
അഹല്യാബായ് ഹോള്‍ക്കറുടെ ജീവിതം പറയുന്ന ‘മാ സാഹേബ്’ നൃത്തനാടകമാണ് മഹിളാ സമന്വയം അംഗങ്ങള്‍ അവതരിപ്പിച്ചത്.