സിന്ധു നദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ജലമന്ത്രാലയം ഇന്ത്യക്ക് കത്തയച്ചു. ലവിതരണം പുനരാരംഭിച്ചുകൊണ്ട് ഇന്ത്യ കരുണ കാണിക്കണമെന്നും കത്തില്‍ പാകിസ്താന്‍ അഭ്യര്‍ത്ഥിക്കുന്നു. നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് 1960ല്‍ ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ രൂപവത്കരിച്ച കരാറില്‍നിന്ന് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പിന്മാറിയിരുന്നു. ഭീകരതക്കെതിരെ പാകിസ്ഥാന്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നതുവരെ കരാര്‍ മരവിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
അതേസമയം ഇന്ത്യയുടെ തീരുമാനം പാകിസ്ഥാനില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പാക് ജലമന്ത്രാലയം, വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്തില്‍ പറയുന്നു. കരാര്‍ പ്രകാരം സത്‌ലജ്, ബിയാസ്, രവി എന്നീ കിഴക്കന്‍ നദികളിലെ ജലം ഇന്ത്യക്കും സിന്ധു, ഝലം, ചിനാബ് എന്നീ പടിഞ്ഞാറന്‍ നദികളിലെ ജലം പാകിസ്ഥാനും ഉപയോഗിക്കാം.
എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഘട്ടംഘട്ടമായി പാകിസ്ഥാനിലേക്കുള്ള നീരൊഴുക്ക് പൂര്‍ണമായും തടയുമെന്നാണ് ജല്‍ശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍ പറഞ്ഞത്. അതേസയം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോഴും നദീജല കരാറില്‍ സ്വീകരിച്ച നിലപാടില്‍ മാറ്റമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.