ബീജിങ് : പാകിസ്ഥാനിലെ അണക്കെട്ട് നിർമാണം വേഗത്തിലാക്കുമെന്ന പ്രഖ്യാപനവുമായി ചൈന. ഖൈബർ പക്തൂൻഖ്വയി പ്രവശ്യയിലെ മൊഹ്‍മന്ത് എന്ന അണക്കെട്ടിന്റെ നിർമാണം വേഗത്തിലാക്കാൻ ചൈന തീരുമാനിച്ചതായി ചൈനയുടെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ചൈന സെൻട്രൽ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ച സാഹചര്യത്തിലാണിത്.
2019 സെപ്തംബറിലാണ് ചൈന മൊഹ്‍മന്ത് അണക്കെട്ട് നിർമാണം തുടങ്ങിയത്. നിർമാണം അടുത്ത വർഷം പൂർത്തിയാക്കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കമ്മിഷനിങ് വേഗത്തിലാക്കാനാണ് തീരുമാനം. അണക്കെട്ടിൽ കോൺക്രീറ്റ് നിറയ്‌ക്കൽ ആരംഭിച്ചതായി സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. ഇത് ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിലെ നിർണായക ഘട്ടമാണെന്ന് വിലയിരുത്തപ്പെടുന്നു.
ചൈനീസ് പൊതുമേഖലാ സ്ഥാപനമായ ചൈന എനർജി എൻജിനിയറിങ് കോർപ്പറേഷനാണ്, മൊഹ്‍മന്ത് ജലവൈദ്യുത പദ്ധതിയുടെ നിർമാണം നടത്തുന്നത്. 800 മെഗാവാട്ട് വൈദ്യുതി ഉത്പാദനം, പെഷാവറിലേക്ക് പ്രതിദിനം 30 കോടി ഗാലൺ കുടിവെള്ളം, ജലസേചനം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
സിന്ധു നദീജല ഉടമ്പടി പ്രകാരം സിന്ധു, ഝലം, ചിനാബ് നദികളിലെ വെള്ളം പാകിസ്ഥാന് ലഭ്യമായിരുന്നു. പാകിസ്ഥാനിലേക്കുള്ള കുടിവെള്ള, ജലസേചന വിതരണത്തിന്റെ 80 ശതമാനവും ഈ നദികളിൽ നിന്നുള്ള വെള്ളമായിരുന്നു. അതുകൊണ്ടുതന്നെ സിന്ധു നദീജല കരാർ മരവിപ്പിച്ചത് പാകിസ്ഥാന് വലിയ തിരിച്ചടിയാണ്. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല എന്ന കനത്ത താക്കീത് നൽകിയാണ് ഇന്ത്യ സിന്ധു നദീജല ഉടമ്പടി മരവിപ്പിച്ചത്.
അതേ സമയം പാക് ഉപ പ്രധാനമന്ത്രി ഇഷാക് ദറിന്റെ ചൈനാ സന്ദർശനത്തിനോടനുബന്ധിച്ചാണ് തീരുമാനം വന്നിരിക്കുന്നതെന്നും അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ ബീജിങിലെത്തിയ ദർ, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തും.