ആലപ്പുഴ: കുറ്റകൃത്യങ്ങള്‍ അലങ്കാരമായാണ് സിപിഎമ്മും കോണ്‍ഗ്രസും കാണുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍. ബിജെപി വികസിത കേരളം ആലപ്പുഴ മേഖലാ സംഘടനാ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള രാഷ്‌ട്രീയത്തെ മലീമസമാക്കിയതിന്റെ ഉത്തരവാദിത്വം ഇടതുവലതു മുന്നണികള്‍ക്കാണ്. ഇരുമുന്നണികള്‍ക്കും ദിശാബോധം നഷ്ടപ്പെട്ടു. ക്രിയാത്മക, സര്‍ഗാത്മക രാഷ്‌ട്രീയമാണ് ജനം പ്രതീക്ഷിക്കുന്നത്.ആദര്‍ശ രാഷ്‌ട്രീയം കാണ്‍ഗ്രസിന് നഷ്ടപ്പെട്ട് കഴിഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത് കൊണ്ട് കാര്യമില്ല. എംഎല്‍എ സ്ഥാനം രാജിവയ്‌ക്കണം. രാഹുലിന് പത്രസമ്മേളനം നടത്താന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം അനുമതി നല്കുന്നില്ല. കോണ്‍ഗ്രസിന് പലതും ഒളിക്കാനുണ്ട്.
അതിനാലാണ് രാഹുലിന്റെ അഭിപ്രായ സ്വാതന്ത്യത്തെ തടയുന്നത്. സിപിഎമ്മും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. പാര്‍ട്ടി സഹയാത്രികനായ മുഹമ്മദ് ഷെര്‍ഷാദ് സത്യം വിളിച്ചുപറഞ്ഞതോടെ പാര്‍ട്ടി നേതാക്കളുടെ മുഖം നഷ്ടപ്പെട്ടു കഴിഞ്ഞു. പിബിക്ക് നല്കിയ കത്തില്‍ അന്വേഷണം നടത്താതെ പരാതിക്കാരനെ ജയിലിലടയ്‌ക്കാനുള്ള നീക്കമാണ് നടത്തുന്നത്.
കുറ്റകൃത്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഇടതുവലതു മുന്നണികളും ആദര്‍ശരാഷ്‌ട്രീയം മുറുകെപ്പിടിക്കുന്ന ബിജെപിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് വരുന്ന തെരഞ്ഞെടുപ്പുകളില്‍ നടക്കുക.വികസിത കേരളത്തിന് വികസിത വാര്‍ഡുകള്‍ വേണം. നാടിന്റെയും ജനങ്ങളുടെയും സമഗ്രപുരോഗതിയാണ് ബിജെപിയുടെ ലക്ഷ്യം. ദീനദയല്‍ ഉപാദ്ധ്യായയുടെ ലക്ഷ്യമായ അന്ത്യോദയമാണ് നമ്മുടെ പ്രവര്‍ത്തന പദ്ധതി. അഴിമതിയുടെയും അക്രമത്തിന്റെയും ചെളിക്കുഴിയിലാണ്ട ഇടതുവലതു മുന്നണികള്‍ക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവയ്‌ക്കാന്‍ ഓരോ ബിജെപി പ്രവര്‍ത്തകനും സന്നദ്ധമാകണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി മേഖലാ പ്രസിഡന്റ് എന്‍. ഹരി അദ്ധ്യക്ഷ നായി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി, ഉപാദ്ധ്യക്ഷരായ അഡ്വ. പി. സുധീര്‍, കെ. സോമന്‍, അശോകന്‍ കുളനട, അഡ്വ. ഷോണ്‍ ജോര്‍ജ്, സെക്രട്ടറിമാരായ പൂന്തുറ ശ്രീകുമാര്‍, എം.വി. ഗോപകുമാര്‍, പന്തളം പ്രതാപന്‍, വക്താക്കളായ അഡ്വ. ജയസൂര്യന്‍, ബിബിന്‍ സി. ബാബു, ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിള്‍ മാത്യു, മേഖലാ ജന. സെക്രട്ടറിമാരായ സജു എടക്കല്ലില്‍, വി. എന്‍. സുരേഷ്, സജി കരീക്കാട്ട്, ജില്ലാ പ്രസിഡന്റുമാരായ സന്ദീപ് വാചസ്പതി, റോയ് ചാക്കോ, ലിജിന്‍ ലാല്‍, സാനു, പി.സി. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി. കെ. ബിനോയ് സ്വാഗതം പറഞ്ഞു.