സിപിഎം നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിച്ച് സമരത്തിലുള്ള വനിതാ സിപിഒ ഉദ്യോഗാര്‍ഥികള്‍. സിപിഎം നേതാവിനെ എകെജി സെന്ററില്‍ പോയി കണ്ടെന്നും മരത്തില്‍ നിന്ന് ചാടിയാലും എണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്താലും കയറുകെട്ടി തൂങ്ങിയാലും പാര്‍ട്ടിക്ക് ഒന്നുമില്ലെന്നാണ് അവര്‍ പറഞ്ഞതെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
കഴിഞ്ഞമാസം 19നാണ് എകെജി സെന്ററില്‍ എത്തിയ പാര്‍ട്ടി സെക്രട്ടറിയെ കണ്ടത്. അന്ന് ഞങ്ങള്‍ അവിടെനിന്ന് കരഞ്ഞുകൊണ്ടാണ് ഇറങ്ങിയത്. ഒരാള്‍ പോലും പ്രശ്‌നം എന്താണെന്ന് കേട്ടിട്ടില്ല. യുവജന നേതാവായ ഒരു എംപിയെ കാണാന്‍ പോയി. ആര്‍പിഎഫില്‍ നിയമനം നടക്കുന്നുണ്ടോ, ഇല്ലല്ലോ എന്നാണ് അപ്പോള്‍ ചോദിച്ചത്. ഞങ്ങളെ പറഞ്ഞ് പറ്റിച്ചതുകൊണ്ടുമാത്രമാണ് സമരത്തിന് ഇറങ്ങിയത്. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് നേടിയതാണ്. ഇനിയെങ്കിലും യുവജനങ്ങളെ പറ്റിക്കരുതെന്നും ഉദ്യോഗാര്‍ഥികളിലൊരാളായ അമൃത പറഞ്ഞു. നേതാക്കളുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും പേര് പറഞ്ഞാല്‍ അപകീര്‍ത്തി പരാമര്‍ശത്തിന് കേസ് കൊടുക്കും എന്നാണ് നേതാക്കള്‍ പറഞ്ഞതെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം വേദനിപ്പിച്ചു. തങ്ങള്‍ക്ക് ജോലിക്ക് അര്‍ഹതയില്ലത്രെ, എന്താണ് അര്‍ഹത എന്ന് മനസിലാകുന്നില്ല. ഭരണപക്ഷത്തുള്ള ഒരാള്‍ പോലും സമര വേദിയില്‍ എത്തിയില്ല. ഒരു വനിതാ നേതാവ് പോലും ഇങ്ങോട്ട് വന്നില്ല. എല്ലായിടത്തും പോയിട്ട് തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിക്കുന്നയാളുകളാണ് ഇവരൊക്കെ. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മുക്തി നേടി എന്നാണ് ബജറ്റില്‍ പറയുന്നത്. എന്നാല്‍ ജോലി ചോദിക്കുമ്പോള്‍ പണം ഇല്ലെന്നാണ് പറയുന്നത്. വാര്‍ഷികം ആഘോഷിക്കാനും സ്വിമ്മിങ് പൂള്‍ ഉണ്ടാക്കാനും പണം ഉണ്ട്. സമരം രാഷ്ട്രീയ പ്രേരിതമല്ല. വന്ന നേതാക്കള്‍ എല്ലാം സ്വന്തം താല്പര്യപ്രകാരം എത്തിയതാണെന്നും അമൃത കൂട്ടിച്ചേര്‍ത്തു. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി ശേഷിക്കെ ഹാള്‍ടിക്കറ്റ് കത്തിച്ച് വനിതാ സിപിഒ റാങ്ക് ഹോള്‍ഡര്‍മാര്‍ പ്രതിഷേധിച്ചിരുന്നു.