
മറ്റത്തൂര്‍ :തൃശൂര്‍ ജില്ലയിലെ മറ്റത്തൂരില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ബിജെപിയിലേക്ക് മാറിയതല്ല. ഒരു യുവാവിന്റെ ഭാവി പന്താടാന്‍ ശ്രമിച്ച സിപിഎം പഞ്ചായത്ത് പ്രസിഡന്‍റിനെയും സിപിഎം ദുര്‍ഭരണത്തെയും അറബിക്കടലില്‍ എറിയാന്‍ ബിജെപിക്കാരനായ ആ യുവാവിന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പിന്തുണ കൊടുക്കുകയായിരുന്നു. അങ്ങിനെ 25 വര്‍ഷം കുത്തകയായി ഭരിച്ച മറ്റത്തൂര്‍ പഞ്ചായത്തിലെ ഭരണം സിപിഎമ്മിന് നഷ്ടമായി. അല്ലാതെ അവിടെ ഒരു ഓപ്പറേഷന്‍ ലോട്ടസും നടന്നിട്ടില്ല.
ഏതാനും വര്‍ഷം മുന്‍പ് അതുല്‍ കൃഷ്ണ എന്ന യുവാവ് ഒരു ബിസിനസ് സംരംഭം തുടങ്ങിയിരുന്നു. എന്നാല്‍ ലൈസന്‍സ് പ്രശ്നം പറഞ്ഞ് സിപിഎം പഞ്ചായത്ത് പ്രസിഡന്‍റ് അത് പൂട്ടിച്ചു. പല രീതിയില്‍ സിപിഎമ്മുകാരനായ പഞ്ചായത്ത് പ്രസിഡന്‍റ് യുവാവിനെ പല രീതിയില്‍ വേട്ടയാടി. പണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ ആന്തൂര്‍ മുനിസിപ്പാലിറ്റി ഭരിയ്‌ക്കുമ്പോള്‍ സാജന്‍ പാറയില്‍ എന്ന ഒരു യുവബിസിനസുകാരന് ബിസിനസ് തുടങ്ങാനുള്ള ലൈസന്‍സ് ലഭിക്കാത്തത് വലിയ വാര്‍ത്തയായിമാറിയിരുന്നു. എന്നാല്‍ ആ സാജന്‍ പാറയിലിനെപ്പോലെ ആത്മഹത്യ ചെയ്യാനൊന്നും അതുല്‍ കൃഷ്ണ പോയില്ല. പകരം അവര്‍ സിപിഎം ഭരണം അവസാനിപ്പിക്കുമെന്ന് ദൃഢപ്രതിജ്ഞയെടുത്തു.
അതുല്‍ കൃഷ്ണ ഒരു വാര്‍ഡില്‍ ബിജെപി കൗണ്‍സിലറായി മത്സരിച്ചു. അതില്‍ ജയിച്ചു. അധികാരം തലയ്‌ക്ക് പിടിച്ച സിപിഎം പ്രസിഡന്‍റിന്റെ ഭരണത്തില്‍ മറ്റത്തൂരിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും പൊറുതിമുട്ടിയിരുന്നു. ഇതോടെയാണ് എങ്ങിനെയെങ്കിലും സിപിഎം വീണ്ടും അധികാരത്തില്‍ വരരുതെന്ന വാശിയില്‍ ഇവര്‍ അതുല്‍ കൃഷ്ണയുമായി കൈകോര്‍ത്തത്. ഇവിടെ രാഷ്‌ട്രീയമല്ല, സിപിഎം ദുര്‍ഭരണത്തിനെതിരായ അതുല്‍ കൃഷ്ണ നേതൃത്വം നല്‍കിയ സമരത്തിന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കൈകൊടുക്കുകയായിരുന്നു.