സിപിഎം ഭരണത്തില്‍ പൊലീസ് അഴിഞ്ഞാടുകയാണെന്ന് രൂക്ഷമായി വിമര്‍ശിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. വനിതാ പ്രവര്‍ത്തകരോട് പൊലീസ് പെരുമാറിയത് സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്ന വേലക്കാരിയെ പോലെയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ നടത്തിയ എസ്പി ഓഫീസ് മാര്‍ച്ചില്‍ വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരോട് പൊലീസ് പെരുമാറിയ ശൈലി പ്രതിഷേധാര്‍ഹമാണ്. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഗൗജാ വിജയകുമാര്‍ ഉള്‍പ്പടെയുള്ള വനിതാ പ്രവര്‍ത്തകരോട് പൊലീസ് പെരുമാറിയത് സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്ന വേലക്കാരിയെ പോലെയാണ്. അധിക്ഷേപിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഗൗജാ വിജയകുമാറിന്റെ മുഖത്ത് അടിച്ചു. ഡ്രസ്സ് വലിച്ചു കീറാന്‍ ശ്രമിച്ചു.
ഗുണ്ടാ പൊലീസിന്റെ കൊള്ളരുതായ്മകളെ തുടര്‍ന്നും ചോദ്യം ചെയ്യും. പ്രതിഷേധങ്ങളെ അധിക്ഷേപിച്ചും മര്‍ദ്ദിച്ചും അടിച്ചമര്‍ത്താം എന്ന് കരുതേണ്ട. ആഭ്യന്തര വകുപ്പ് നാഥനില്ല കളരിയായി മാറിയെന്നും, രാജാവിനെക്കാള്‍ വലിയ രാജഭക്തിയുള്ള പൊലീസുകാര്‍ക്ക് ഉചിതമായ സമ്മാനം നല്‍കുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന പൊലീസ് രാജിനെതിരെയും, പിണറായി വിജയന്‍ അഭ്യന്തര വകുപ്പ് ഒഴിയണം എന്ന് ആവശ്യപ്പെട്ടും നാളെ (സെപ്റ്റംബര്‍ 18,വ്യാഴം )നിയമസഭയിലേക്ക് കെഎസ്‌യു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.