തിരുവനന്തപുരം: സിപിഎം ഭരിക്കുന്ന തിരുവനന്തപുരം താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണസംഘത്തില്‍ വന്‍ ക്രമക്കേട്. വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുകളുടെയും വ്യാജരേഖകളുടെയും ഈടില്‍ സിപിഎം ഭരണ സമിതി അംഗങ്ങള്‍ക്ക് മാത്രം കോടികളുടെ ബാധ്യത. ഭരണസമിതി അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും അരക്കോടിയോടടുത്ത് വായ്‌പകളും 10 ലക്ഷത്തിന്റെ മുപ്പതോളം ചിട്ടികളും. ക്രമക്കേട് കണ്ടെത്തിയത് തിരുവനന്തപുരം താലൂക്ക് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ സംഘം നടത്തിയ പരിശോധനയില്‍.
1984ല്‍ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘം ആരംഭിച്ചത് മുതല്‍ സിപിഎം അംഗങ്ങളാണ് ഭരണം നടത്തുന്നത്. 2022-23ലെ ആഡിറ്റ് സര്‍ട്ടിഫിക്കറ്റിലാണ് ചിട്ടിതട്ടിപ്പും ക്രമക്കേടുകളും വിവരിച്ചിരിക്കുന്നത്. ഭരണസമിതി അംഗങ്ങള്‍ക്ക് അനുവദിക്കാവുന്ന പരമാവധി വായ്‌പയുടെയും ചിട്ടികളുടെയും (ഐഎംബിപി)യുടെ ഇരട്ടിയിലധികമാണ് നല്‍കിയിരിക്കുന്നത്. ഭരണസമിതി അംഗവും കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍(കെസിഇയു) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സിപിഎം നേമം ഏര്യാ കമ്മറ്റി അംഗവുമായ വി.എന്‍. വിനോദ് കുമാറിന് 11 തവണ സ്വന്തം സാലറി സര്‍ട്ടിഫിക്കറ്റില്‍ എംഡിഎസ് ചിട്ടി അനുവദിച്ചു. 9 തവണ സാലറി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് വച്ചാണ് തുക നല്‍കിയത്. തീയതിപോലും രേഖപ്പെടുത്താതെയാണ് സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. വിനോദ് കുമാറിന് 18.26ലക്ഷം വായ്‌പാ കുടിശികയും 20.30ലക്ഷത്തിന്റെ എംഡിഎസ് കുടിശികയും ഉള്‍പ്പെടെ 38.56 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്.
ഓഡിറ്റ് നടക്കുമ്പോള്‍ സംഘം പ്രസിഡന്റ് ആയിരുന്ന കെസിഇയു സംസ്ഥാന സെക്രട്ടറി ബി.അനില്‍കുമാറിന് മാത്രം 64.30 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. ഇതില്‍ 34.05 ലക്ഷം വായ്‌പാ കുടിശികയും എംഡിഎസ് ചിട്ടികളിലായി ബാധ്യത 30.25ലക്ഷമുണ്ട്. സാലറി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഉപയോഗിച്ചാണ് ബി.അനില്‍കുമാറും വായ്‌പയും ചിട്ടിയും എടുത്തിട്ടുള്ളത്.
മറ്റൊരു ഭരണസമിതി അംഗമായ കെസിഇയു ജില്ലാ വൈസ് പ്രസിഡന്റ് ടി.ഐ. സജീവിന് വിവിധ വായ്‌പകളിലായി 14.93ലക്ഷവും എംഡിഎസ് ചിട്ടികളിലായി 23.28ലക്ഷവും ബാധ്യതയുണ്ട്. കെസിഇയു തിരുവനന്തപുരം ജില്ലാവൈസ് പ്രസിഡന്റ് നീന.സി.ആര്‍ സ്വന്തം പേരിലും ജാമ്യം നിന്നതുമായി 9 ചിട്ടിയിലൂടെ പണം എടുത്തു. ഇതിനായി നല്‍കിയ അഞ്ച് സാലറി സര്‍ട്ടിഫിക്കറ്റിലും തീയതി രേഖപ്പെടുത്താത്തതും നേരത്തെ നല്‍കിയ സാലറി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമാണ്. ബൈലയില്‍ പറഞ്ഞിട്ടില്ലാത്ത വായ്‌പകളും മുന്‍കൂര്‍ അനുമതി വാങ്ങാതെ നടത്തിയ ചിട്ടികളുമാണ് ഇവര്‍ എടുത്തിരിക്കുന്നതെന്ന് പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സാലറി സര്‍ട്ടിഫിക്കറ്റില്‍ ക്രമക്കേട് നടത്തിയാണ് ഭൂരിഭാഗം ചിട്ടികളും വായ്‌പകളും അനുവദിച്ചിരിക്കുന്നതെന്നും ഇത് ഗുരുതരമായ ക്രമക്കേടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എംഡിഎസ് ചിട്ടികളുടെ ഇടപാടുകള്‍ സംബന്ധിച്ചും ചിട്ടി അനുവദിച്ച ഈട് സംബന്ധിച്ചും വിശദപരിശോധന നടത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് റിപ്പോര്‍ട്ടില്‍ മേലുള്ള നടപടികള്‍ മരവിപ്പിച്ചിരിക്കുകയാണ്. ഗുരുതര വീഴ്ചകള്‍ സഹകരണ സംഘത്തിന്റെ നിലനില്‍പിനെ തന്നെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.