
കോട്ടയം : സി.പി.എം സർക്കാർ അംഗീകരിച്ച ദേശഭക്തിഗാനങ്ങളുടെ ലിസ്റ്റ് എത്രയും പുറത്തുവിടണമെന്ന് ബിജെപി നേതാവ് എൻ. ഹരി. വന്ദേ ഭാരത് ഉദ്ഘാടന ചടങ്ങിൽ എറണാകുളത്ത് ഗണഗീതം പാടിയത് ഭരണഘടനാ വിരുദ്ധമെന്നാണ് ചിലരുടെ കണ്ടെത്തൽ. സതീശനും ശിവൻകുട്ടിക്കും ദേശഭക്തിയുടെ കാര്യം വരുമ്പോൾ ഒരേ സ്വരമാണ്.
അസാമാന്യ മെയ് വഴക്കവും നാവു വഴക്കവും ഉള്ള രാഷ്‌ട്രീയ നേതാവാണ് ശിവൻകുട്ടി എന്ന് ഇതിനകം തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഹിജാബ് വിഷയത്തിൽ മണിക്കൂറുകളിൽ മലക്കം മറഞ്ഞതിന് കേരളം സാക്ഷിയാണ്. പി എം ശ്രീ സ്കൂൾ വിഷയത്തിലും ശിവൻകുട്ടിയെ നമ്മൾ കണ്ടതാണ്. നട്ടെല്ലിന്റെ സ്ഥാനത്ത് നല്ല വഴക്കമുള്ള മറ്റെന്തോ ആണെന്ന് സംശയിപ്പിക്കുന്ന രീതിയിലാണ് ശിവൻകുട്ടി.
ദേശഭക്തിഗാനം നിശ്ചയിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നല്ല. പതിറ്റാണ്ടുകളായി ആബാലവൃദ്ധം ജനങ്ങളുടെയും ഹൃദയത്തിൽ പതിഞ്ഞ ഗാനമാണ് ഗണഗീതം. അത് കുട്ടികൾ പാടിയതിനെ വിവാദമാക്കി കുട്ടികളുടെ മനോവീര്യം
തകർക്കാൻ അനുവദിക്കില്ല. ഏതു വേദിയിലും ഗണഗീതമാലപിക്കാനുള്ളചങ്കൂറ്റം ലക്ഷക്കണക്കിനുള്ള പ്രവർത്തകർക്കുണ്ട്.
ആദ്യം നിലവിളക്ക് ഒഴിവാക്കി, ഗണപതിഹോമം നടത്തിയപ്പോൾ അത്യന്തം നിന്ദാപരമായി പെരുമാറി. ചില ഗീതങ്ങൾ നിങ്ങൾക്ക് മധുരമാകുമ്പോൾ ഭാരതത്തിൻറെ സാംസ്കാരിക പൈതൃകം സ്പന്ദിക്കുന്ന ഗാനത്തോടുള്ള അനാദരവിന്റെ കാരണം വ്യക്തം.
കേരളത്തിൻറെ വിദ്യാഭ്യാസ മന്ത്രിയുടെ മാതൃകാപരമായ സമീപനം കേരളം നിയമസഭയിൽ കണ്ടതാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിൽ ഡെസ്കിന് മുകളിലൂടെ നടന്നും വലിച്ചെറിഞ്ഞും സൃഷ്ടിച്ച മഹാ മാതൃക തലമുറകൾ സ്മരിക്കും. ആ പാരമ്പര്യമുള്ള ശിവൻകുട്ടി ഭരണഘടനയെ കുറിച്ച് പറയുമ്പോൾ അറിയാതെ പൊട്ടിച്ചിരിച്ചു പോകും.
താമരശ്ശേരി ബിഷപ്പിനെതിരെ ഭീഷണി മുഴക്കി ഈരാറ്റുപേട്ട വിലാസമായി വന്ന കത്തിനെക്കുറിച്ച് എന്തെങ്കിലും അന്വേഷണം നടക്കുന്നുണ്ടോ. ഉണ്ടെങ്കിൽ അത് അറിയാൻ നാടിനു താല്പര്യമുണ്ട് – ഹരി പറഞ്ഞു.