സി.പി.എം. നേതാക്കളുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന പ്രവാസി മലയാളി രാജേഷ് കൃഷ്ണയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പാര്‍ട്ടിയെ പിടിച്ചുകുലുക്കുന്നു. ചെന്നൈയിലെ വ്യവസായിയും മാഹി സ്വദേശിയുമായ ബി. മുഹമ്മദ് ഷര്‍ഷാദ് 2022 മാര്‍ച്ചില്‍ പാര്‍ട്ടി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നല്‍കിയ കത്തിലാണ് ഗുരുതരമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ദുരൂഹ വ്യക്തിത്വമുള്ളവരുമായി ബന്ധം പാടില്ലെന്ന പാര്‍ട്ടി രേഖയുടെ നഗ്നമായ ലംഘനമാണ് ഈ സംഭവങ്ങളെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അന്നത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കുമാണ് ഷര്‍ഷാദ് പരാതി നല്‍കിയത്.
പഴയ എസ്.എഫ്.ഐ. നേതാവായ രാജേഷ് കൃഷ്ണ, വളരെ പെട്ടെന്നാണ് കേരളത്തിലെ സി.പി.എം. മന്ത്രിമാരുടേയും നേതാക്കളുടേയും വിശ്വസ്തനായി മാറിയത്. മേഴ്‌സിക്കുട്ടിയമ്മ ഫിഷറീസ് മന്ത്രിയായിരുന്ന കാലത്ത്, വകുപ്പിന്റെ പദ്ധതികളുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ പ്ലാസ്റ്റ് സേവ് എന്ന എന്‍.ജി.ഒ.യുമായി ചേര്‍ന്ന് ചില പരിപാടികള്‍ നടത്തുമെന്ന് പറഞ്ഞ് രാജേഷ് 50 ലക്ഷം രൂപ ഇന്ത്യയിലേക്ക് കടത്തിയതായി ഷര്‍ഷാദ് പരാതിയില്‍ ആരോപിക്കുന്നു. ഒരു കടലാസ് കമ്പനി ഉണ്ടാക്കിയാണ് ഈ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയതെന്നും പറയുന്നു. സി.പി.എം. നേതാക്കളുമായുള്ള സ്വാധീനം ഉപയോഗിച്ച് തട്ടിപ്പുകള്‍ നടത്തുന്ന ഒരു ഒന്നാംതരം ‘പവര്‍ ബ്രോക്കറാ’ണ് രാജേഷ് കൃഷ്ണയെന്നാണ് ഗുരുതരമായ മറ്റൊരു ആരോപണം. ബ്രിട്ടനിലെത്തുന്ന നേതാക്കളുമായി ചങ്ങാത്തം സ്ഥാപിച്ച് ഫണ്ട് ദുരുപയോഗം ചെയ്യുന്നത് ഇയാളുടെ പതിവാണെന്നും ആരോപണമുണ്ട്. മുന്‍ സ്പീക്കര്‍മാരായ പി. ശ്രീരാമകൃഷ്ണനും എം.ബി. രാജേഷും ലണ്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ രാജേഷിന്റെ ആതിഥേയത്വം സ്വീകരിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.