• Tue. Mar 31st, 2026

24×7 Live News

Apdin News

സിപിഎമ്മിന്റെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Byadmin

Mar 31, 2026



കണ്ണൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണം പാരമ്യത്തിലെത്തിനില്‍ക്കേ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി പയ്യന്നൂരിലെ ധന്‍രാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ മുന്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങളുടെ തെളിവായി ബാങ്ക് രേഖ പുറത്ത് വിട്ടു.

പയ്യന്നൂര്‍ നിയോജകമണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് വി. കുഞ്ഞികൃഷ്ണന്‍. രക്തസാക്ഷി ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ഏരിയ സെക്രട്ടറി സ്വന്തം പേരിലാക്കിയെന്നും പണം ധനരാജിന്റെ വീട് നിര്‍മാണത്തിന് ചെലവഴിച്ചെന്ന് കള്ള രേഖയുണ്ടാക്കിയെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ഈ കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹം അറിയിച്ചു.

പയ്യന്നൂരില്‍ ഒരു തരത്തിലുമുള്ള ഫണ്ട് തിരിമറിയും നടന്നിട്ടില്ല എന്നാണ് സിപിഎം കേന്ദ്രങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്നതെന്ന് കുഞ്ഞികൃഷ്ണന്‍ പറയുന്നു. ഫണ്ട് വെട്ടിപ്പ് തെളിവ് സഹിതം കണ്ടെത്തി. ഈ തെളിവുകള്‍ക്കെതിരേയും ആശ്രിതരെ വച്ച് ന്യായീകരണവുമായി എത്താന്‍ സാധ്യതയുണ്ട്. പക്ഷേ ഏത് ന്യായീകരണങ്ങള്‍ക്കും മേലെയാണ് സൂര്യനെ പോലെ തിളങ്ങി നില്‍ക്കുന്ന സത്യം. ആ സത്യത്തെ നിങ്ങള്‍ ഇരുട്ടുകൊണ്ട് മറയ്‌ക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ഇനിയും സംസാരിക്കുന്ന തെളിവുകള്‍ പുറത്ത് വരും. ഒന്നുകൊണ്ടും നിങ്ങള്‍ ധൈര്യപ്പെടേണ്ട എന്ന് കൂടി പറഞ്ഞാണ് കുഞ്ഞികൃഷ്ണന്റെ ഫെയ്‌സ്ബുക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

2018 ജൂലൈ ഒന്‍പതിനാണ് പയ്യന്നൂര്‍ റൂറല്‍ ബാങ്ക് മെയിന്‍ ബ്രാഞ്ചിലുള്ള ധനരാജ് കുടുംബ സഹായ നിധിയുടെ അക്കൗണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ പേഴ്‌സണല്‍ അക്കൗണ്ടിലേക്ക് മാറ്റിയത്. ബാങ്കിന്റെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും രക്തസാക്ഷി ഫണ്ട് ചെലവഴിച്ചതിന്റെ കണക്ക് കമ്മിറ്റിക്ക് മുമ്പാകെ കാണിച്ചതിന്റെ പകര്‍പ്പും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പയ്യന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മുതല്‍ സിപിഎം കേന്ദ്രങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് ഒരു തരത്തിലുമുള്ള ഫണ്ട് തിരിമറിയും നടന്നിട്ടില്ല എന്നാണ്. എന്നാല്‍ രേഖാസഹിതം കുഞ്ഞികൃഷ്ണന്‍ തെളിവുകള്‍ പുറത്ത് വിട്ടതോടെ സിപിഎം നേതൃത്വം വെട്ടിലായി.

By admin