• Wed. Apr 1st, 2026

24×7 Live News

Apdin News

സിപിഎമ്മില്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല: അഡ്വ. സ്മിതാ സുന്ദരേശന്‍ .

Byadmin

Apr 1, 2026


തിരുവനന്തപുരം: സിപിഎമ്മിലെ യുവജന സംഘടനാ പ്രവര്‍ത്തകര്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നുവെന്നും സ്ത്രീകള്‍ക്ക് സിപിഎമ്മില്‍ പ്രവര്‍ത്തിക്കുക ബുദ്ധിമുട്ടാണെന്നും മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയാകമ്മിറ്റി അംഗവുമായിരുന്ന വര്‍ക്കലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. സ്മിതാ സുന്ദരേശന്റെ വെളിപ്പെടുത്തല്‍.

സിപിഎം വിടാനുണ്ടായ സാഹചര്യം?
സ്ത്രീ ശാക്തീകരണത്തെക്കുറിച്ചൊക്കെ സിപിഎം പറയാറുണ്ടെങ്കിലും സ്ത്രീകള്‍ക്ക് പരിഗണനയെന്നല്ല, അഭിപ്രായ സ്വാതന്ത്ര്യം പോലും നല്‍കാറില്ല. സ്ത്രീകളെ മാനിക്കാറില്ല. പ്രതികരിച്ചാല്‍ പലവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ഭീഷണിയും സമ്മര്‍ദ്ദ തന്ത്രവും പ്രയോഗിക്കും. ഇന്നത്തെ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് സിപിഎമ്മില്‍ പ്രവര്‍ത്തിക്കുക ബുദ്ധിമുട്ടാണ്. ഇതിനെക്കുറിച്ച് നേതൃത്വത്തിന് പരാതി നല്‍കിയാല്‍പോലും ഫലമുണ്ടാകാറില്ല.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വനിതകളുടെ നിലപാടെന്തായിരുന്നു?
ഈശ്വര വിശ്വാസികളും അമ്പലത്തില്‍ പോകുന്നവരുമായ നിരവധി വനിതകള്‍ സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പാര്‍ട്ടിനിലപാടിനെ എതിര്‍ക്കുന്ന ധാരാളം പേരാണ് പാര്‍ട്ടിക്കുള്ളിലുള്ളത്.

സിപിഎം നേതൃത്വത്തിന്റെ നിലപാട്?
സിപിഎമ്മിന്റെ ആദര്‍ശശുദ്ധിയെല്ലാം പോയി. ഇപ്പോള്‍ പണമുള്ളവര്‍ക്കും ഇഷ്ടക്കാര്‍ക്കും വേണ്ടി ആശയത്തെ ബലികൊടുക്കുന്നവരായി മാറി. നേതൃത്വം പണമുള്ളവര്‍ക്കും ഇഷ്ടക്കാര്‍ക്കും വേണ്ടി സംഘടനാതാത്പര്യങ്ങളെ ബലികൊടുക്കുന്നവരായി. സ്വജനപക്ഷപാതവും അഴിമതിയും വര്‍ധിച്ചു. വ്യക്തിതാത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു.

പാര്‍ട്ടി കുടുംബത്തില്‍ മുന്‍ ഏരിയാ സെക്രട്ടറിയുടെ മകളായാണ് താന്‍ ജനിച്ചത്. താന്‍ പ്രവര്‍ത്തിച്ചതും പാര്‍ട്ടിക്കുവേണ്ടി തന്നെയാണ്. തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്നാണ് അന്നൊക്കെ പറഞ്ഞുവന്നിരുന്നത്. എന്നാല്‍ ഇന്ന് അടിസ്ഥാന വര്‍ഗങ്ങളെ അവഗണിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. പുതിയ നിലപാടുകളില്‍ അസ്വസ്ഥരായ നിരവധി പേരാണ് പാര്‍ട്ടിക്കുള്ളില്‍ ഒതുങ്ങിക്കഴിയുന്നത്. അഭിപ്രായം പറയുന്നവര്‍ക്കെതിരെ ഭീഷണിയുയര്‍ത്തും. അതിനാല്‍ പലര്‍ക്കും കാര്യങ്ങള്‍ തുറന്നുപറയാന്‍ ഭയമാണ്. നേതാക്കളുടെ വഴിവിട്ടപോക്കില്‍ മനംമടുത്ത കൂടുതല്‍ പേര്‍ പാര്‍ട്ടിയിലെ ദുഷ്പ്രവണതകളെ തള്ളിപ്പറഞ്ഞ് പുറത്തേക്ക് വരാന്‍ തയാറെടുക്കുകയാണ്.

എന്തുകൊണ്ട് ബിജെപി?
നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസനനയവും പ്രവര്‍ത്തന സുതാര്യതയുമാണ് തന്നെ ബിജെപിയിലേക്കെത്തിച്ചത്. അമൃത് ഭാരത് പദ്ധതിപ്രകാരം 123 കോടി രൂപ ചെലവില്‍ വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിക്കുന്നതും സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍പ്പെടുത്തി വര്‍ക്കല ജനാര്‍ദ്ദനസ്വാമിക്ഷേത്ര വികസനത്തിന് 25 കോടി അനുവദിച്ചതും ശിവഗിരിയുടെ വികസനത്തിന് പ്രസാദ് പദ്ധതിയിലൂടെ 70 കോടി അനുവദിച്ചതും നാഷണല്‍ ഹൈവേ ഉള്‍പ്പെടെ സംസ്ഥാനത്തെ റോഡ് വികസനം നടപ്പാക്കുന്നതുമെല്ലാം മണ്ഡലത്തിലെ യുവാക്കളെ വളരെയധികം ആകര്‍ഷിക്കുന്നുണ്ട്.

വരും ദിവസങ്ങളില്‍ സിപിഎമ്മില്‍ നിന്ന് കൂടുതല്‍ പേര്‍ ബിജെപിയിലേക്കെത്തുമെന്നും മോദിസര്‍ക്കാരിന്റെ വികസന നയങ്ങള്‍ വര്‍ക്കലയില്‍ നടപ്പാക്കാന്‍ തന്റെ കഴിവ് മുഴുവന്‍ ഉപയോഗിക്കുമെന്നും അഡ്വ. സ്മിതാ സുന്ദരേശന്‍ പറഞ്ഞു.



By admin