തിരുവനന്തപുരം: സിപിഐ ഇടതുമുന്നണി വിടണമെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. മുന്നണി വിടേണ്ട സമയം അതിക്രമിച്ചു. സിപിഎം വലതുപക്ഷമായി മാറിയെന്നും വിമര്‍ശനം ഉണ്ടായി.
പാള കീറും പോലെ പാര്‍ട്ടിയെ കീറി എറിഞ്ഞവരാണ് സിപിഎമ്മുകാര്‍. സിപിഎം വലതുപക്ഷമായി.നാറിയവനെ ചുമന്നാല്‍ ചുമന്നവനും നാറും .മുന്നണി ബന്ധം തുടരണോയെന്നതില്‍ പുനരാലോചന വേണമെന്നും അരുവിക്കര മണ്ഡലത്തില്‍ നിന്നുളള പ്രതിനിധി ആവശ്യപ്പെട്ടു.
സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് നേരെയും ചര്‍ച്ചയില്‍ പരിഹാസമുയര്‍ന്നു.ബിനോയ് വിശ്വം വെളിച്ചപ്പാടാണോയെന്ന് ചോദിച്ച പ്രതിനിധികള്‍ എന്തു പറയുന്നു എന്ന് അദ്ദേഹത്തിന് പോലും അറിയില്ലെന്നും വിമര്‍ശിച്ചു. ഗുളിക കഴിക്കും പോലെയാണ് പ്രസ്താവനകള്‍. രാവിലെ ഒന്ന് ഉച്ചയ്‌ക്ക് ഒന്നു വൈകിട്ട് മറ്റൊന്ന്. വെളിയത്തെയും ചന്ദ്രപ്പനെയും കണ്ടുപഠിക്കണം ബിനോയ് വിശ്വം. സിപിഎം നേതാക്കളെ കാണുമ്പോള്‍ സെക്രട്ടറിക്കും മന്ത്രിമാര്‍ക്കും മുട്ടിടിക്കും. എകെജി സെന്ററില്‍ പോയി ചായയും കുടിച്ച് കുശലം പറഞ്ഞു മടങ്ങുകയാണെന്നും പരിഹാസമുയര്‍ന്നു.
സിപിഐയില്‍ ജാതി വിവേചനം ഉണ്ടെന്നും അഭിപ്രായമുയര്‍ന്നു. പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുന്നു. ദളിത് വിഭാഗത്തില്‍ നിന്നുളള സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്‍ രാജനെ പോലും തരംതാഴ്‌ത്തുകായാണെന്നും പ്രചരണ മാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ പേര് ഒടുവിലായാണ് ചേര്‍ക്കുന്നതെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.