ആലപ്പുഴ: ആഗോള അയ്യപ്പസംഗമം ഇടത് നയവ്യതിയാനത്തിന്റെ ഭാഗമാണെന്ന് സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. ആരാണ് ഈ പൗരപ്രമുഖരെന്നും പ്രതിനിധികള്‍ ചോദിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സിപിഎം വിധേയത്വത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. കൊല്ലത്തു നിന്നുള്ള പ്രതിനിധികളാണ് സംസ്ഥാന സെക്രട്ടറിയെ ലക്ഷ്യമാക്കി വിമര്‍ശനങ്ങള്‍ കൂടുതലായി ഉയര്‍ത്തിയത്.
വെളിയം ഭാര്‍ഗവനും സി.കെ. ചന്ദ്രപ്പനും എല്ലാം ഇരുന്ന കസേരയാണ് സംസ്ഥാന സെക്രട്ടറിയുടേത് എന്ന് ഓര്‍ക്കണമെന്ന് പ്രതിനിധികള്‍ പറഞ്ഞു. ആഭ്യന്തര വകുപ്പിനെ ഇങ്ങനെ തഴുകരുത്. സംസ്ഥാന സെക്രട്ടറി പോലീസിനെ വെള്ളപൂശുന്നത് എന്തിനാണെന്നും ചോദ്യം ഉയര്‍ന്നു. തൃശൂര്‍ പൂരം കലക്കലില്‍ വിവാദമുണ്ടായിട്ടും പാര്‍ട്ടി പ്രതിരോധിച്ചോയെന്നായിരുന്നു ചില പ്രതിനിധികളുടെ ചോദ്യം. സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് മങ്ങലേല്‍പ്പിച്ചു എന്നും വിമര്‍ശനമുയര്‍ന്നു.
ഡിവൈഎഫ്ഐക്ക് രക്ഷാപ്രവര്‍ത്തന സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന കൈകൊണ്ട് പോലീസിന് ഗുണ്ടാ സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട ഗതികേടാണ് മുഖ്യമന്ത്രിക്കെന്നും ആക്ഷേപം ഉയര്‍ന്നു. തുടര്‍ഭരണത്തിന് വിഘാതമാകുന്നത് പോലീസ് ഭരണമായിരിക്കുമെന്ന് കുറ്റപ്പെടുത്തല്‍ ഉണ്ടായി. കഴിഞ്ഞദിവസം അവതരിപ്പിച്ച രാഷ്‌ട്രീയ റിപ്പോര്‍ട്ടില്‍ ആഭ്യന്തര വകുപ്പിനേയും സര്‍ക്കാരിനേയും വെള്ളപൂശുകയായിരുന്നു. എന്നാല്‍ സംസ്ഥാന സമ്മേളനത്തില്‍ ഗ്രൂപ്പ് ചര്‍ച്ച തുടങ്ങിയതിന് ശേഷം അതിരൂക്ഷമായ വിമര്‍ശനമാണ് ആഭ്യന്തര വകുപ്പിനും പോലീസിനുമെതിരെ ഉയര്‍ന്നത്. ധനവകുപ്പിനെതിരെയും വിമര്‍ശനമുയര്‍ന്നു.
ധനമന്ത്രി മന്ത്രിമാര്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ പക്ഷഭേദം കാണിക്കുന്നു. സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍ക്ക് പണം ലഭിക്കുന്നില്ല, ധനവകുപ്പ് അവഗണിക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്ത് ഫണ്ട് വാങ്ങി എടുക്കാനുള്ള ആര്‍ജവം മന്ത്രിമാര്‍ കാണിക്കണമെന്നുമാണ് വിമര്‍ശനം. സിപിഐ യൂട്യൂബ് ചാനലായ കനലിനെതിരെ പരിഹാസം ഉയര്‍ന്നു. കനല്‍ യൂട്യൂബില്‍ അല്ല നേതാക്കളുടെ മനസിലാണ് ഉണ്ടാവേണ്ടത്. നേതാക്കളും പ്രവര്‍ത്തകരും നിരാശരാണ്, രാഷ്‌ട്രീയപ്രവര്‍ത്തനം വിരസമായി മാറിയിരിക്കുന്നു. കനല്‍ മനസിലില്ലെങ്കില്‍ പാര്‍ട്ടിയെ വാര്‍ദ്ധക്യം ബാധിക്കും.
രാഷ്‌ട്രീയ റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചക്ക് മുതിര്‍ന്ന നേതാവ് പ്രകാശ്ബാബു മറുപടി പറഞ്ഞു. പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ ചര്‍ച്ചക്ക് ഇന്ന് രാവിലെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറുപടി പറയും. തുടര്‍ന്ന് സംസ്ഥാന കൗണ്‍സിലിനെയും സംസ്ഥാന സെക്രട്ടറിയേയും തെരഞ്ഞെടുക്കും.