ന്യൂഡല്‍ഹി: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും.
മുന്‍പ്, സിബിഐ അന്വേഷണം ആവശ്യപ്പെട്ട ടിവികെ, ബിജെപി പാര്‍ട്ടികളുടെ ഹരജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെ, പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ച കോടതി, നടന്‍ വിജയ്യ്ക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
അതേസമയം, ദുരന്തത്തില്‍ കൊല്ലപ്പെട്ട അഞ്ചു പേരുടെ കുടുംബങ്ങളുമായി നടന്‍ വിജയ് വീഡിയോ കോളിലൂടെ സംസാരിച്ചു. ടിവികെ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് വീഡിയോ കോള്‍ നടന്നത്. ഏകദേശം 20 മിനിറ്റ് ദൈര്‍ഘ്യമുള്ള സംഭാഷണത്തിലാണ് വിജയ് ആശ്വാസം നല്‍കിയത്. മറ്റു കുടുംബങ്ങളുമായും ഉടന്‍ സംസാരിക്കുമെന്ന് സൂചന.
ദുരന്തത്തില്‍ 41 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം ധനസഹായം വിജയ് പ്രഖ്യാപിച്ചിരുന്നു. ഈ തുക പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് വിതരണം ചെയ്യാനാണ് തീരുമാനം.
കരൂരില്‍ വിജയ് സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് ദുരന്തം നടന്നത്, തുടര്‍ന്ന് തിരിച്ചുപോയ നടന്റെ നടപടി വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.