കൊച്ചി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീ സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോതമംഗലത്തേക്കുള്ള യാത്രയ്‌ക്കിടെയാണ് സുരേഷ് ഗോപി കന്യാസ്ത്രീയുടെ വസതിയും സന്ദർശിച്ചത്. പ്രീതി മേരിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. സുരേഷ് ഗോപി തങ്ങൾക്ക് പിന്തുണ നൽകിയിട്ടുണ്ടെന്ന് നേരത്തെ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു.
ജാമ്യം ലഭിച്ചെങ്കിലും കന്യാസ്ത്രീ ഇപ്പോഴും ഛത്തീസ്ഗഢിൽ തുടരുകയാണ്. അവരുടെ അങ്കമാലിയിലെ വീട്ടിൽ മാതാപിതാക്കളും സഹോദരനുമാണുള്ളത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൽ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരിയും തലശ്ശേരി സ്വദേശി സിസ്റ്റർ വന്ദന ഫ്രാൻസിസും ജൂലായ് 25നാണ് അറസ്റ്റിലായത്. ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകൾ വീട്ടുജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ ദുർഗ് റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്.
പെൺകുട്ടികളിലൊരാളുടെ സഹോദരനും സ്‌റ്റേഷനിലെത്തിയിരുന്നു. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്റംഗ്‌ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ തടയുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.