തിരുവനന്തപുരം: ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോ. സിസ തോമസിനെയും സാങ്കേതിക സര്‍വ്വകലാശാലയില്‍ ഡോ. കെ. ശിവപ്രസാദിനെയും വിസിമാരായി നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ. ഇത് സംബന്ധിച്ച ഉത്തരവ് ചാന്‍സലര്‍ കൂടിയ ഗവര്‍ണര്‍ പുറത്തിറക്കി.
സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് നിയമനം. സര്‍ക്കാര്‍ നല്‍കിയ പട്ടിക ചാന്‍സലര്‍ അംഗീകരിച്ചില്ല. സാങ്കേതിക, ഡിജിറ്റല്‍ സര്‍വ്വകലാശാലകളിലെ താത്കാലിക വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ ചാന്‍സലര്‍ നല്‍കിയ അപ്പീലിലാണ് സ്ഥിരം വിസിമാരെ നിയമിക്കുന്നതുവരെ താല്‍ക്കാലിക വിസിമാരെ നിയമിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. ചാൻസലറെന്നനിലയിൽ ഗവർണർക്ക് അധികാരം ഉറപ്പിക്കുന്നതുകൂടിയാണ് വിധി.
നിയമനത്തിന് ചാൻസലർക്ക് പരമാധികാരം ഉറപ്പാക്കുന്നതാണ് നേരത്തേയുള്ള കണ്ണൂർ വിസി കേസിലും ഇപ്പോഴത്തെ കേസിലുമൊക്കെയുള്ള സുപ്രീംകോടതി വിധി. അതനുസരിച്ച് മുന്നോട്ടുപോവാൻ ഗവർണർക്കുമുന്നിൽ തടസ്സങ്ങളില്ല.