കണ്ണൂര്‍:കമ്പനികളുടെ സാമൂഹ്യ ഉത്തരവാദിത്ത ഫണ്ടില്‍ ഉള്‍പ്പെടുത്തി പകുതി വിലയ്‌ക്ക് സ്‌കൂട്ടറും തയ്യല്‍മെഷീനും വാഗ്ദാനം ചെയ്ത് ശതകോടികള്‍ തട്ടിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റും പ്രതി. അഭിഭാഷക എന്ന നിലയില്‍ കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന് നിയമോപദേശം നല്‍കിയിട്ടുണ്ടെന്നും തട്ടിപ്പില്‍ പങ്കില്ലെന്നും ലാലി വിന്‍സെന്റ് പ്രതികരിച്ചു.അനന്തു കേസില്‍ ബലിയാടായതാണെന്നും തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ പ്രേരിതമായാണെന്നും അവര്‍ പറഞ്ഞു.കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അനന്തുകൃഷ്ണന്റെ നിയമോപദേഷ്ടാവും കോണ്‍ഗ്രസ് നേതാവുമായ ലാലി വിന്‍സന്റിനെ ഏഴാം പ്രതിയാക്കിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി തട്ടിപ്പിന് ഇരയായവര്‍ നൂറു കണക്കിന് പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്‌ട്രീയ നേതാക്കള്‍ക്കൊപ്പമുളള അനന്തുകൃഷ്ണന്റെ ചിത്രങ്ങളും പുറത്തുവന്നു.കണ്ണൂര്‍ ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 2000ത്തോളം പരാതികളാണ് വന്നിട്ടുള്ളത്.ഇടുക്കിയില്‍ 342 പരാതികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ആലപ്പുഴയിലും വയനാട്ടിലും ആളുകള്‍ പരാതിയുമായി രംഗത്തെത്തി.
മൂവാറ്റുപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് കേസില്‍ അനന്തുകൃഷ്ണന്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയത്. സംസ്ഥാനത്തെ മന്ത്രിമാരും എംഎല്‍എമാരും എംപിമാരുമടക്കം ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്‌ട്രീയ നേതാക്കള്‍ക്കൊപ്പമുളള അനന്തുകൃഷ്ണന്റെ ചിത്രങ്ങളും പുറത്തു വന്നു. അനന്തുകൃഷ്ണന്‍ തെറ്റിദ്ധരിപ്പിച്ച് പരിപാടികള്‍ക്ക് കൊണ്ടു പോവുകയായിരുന്നെന്നാണ് ഇതില്‍ ഭൂരിഭാഗം പേരുടെയും മറുപടി.
അതിനിടെ അനന്തുകൃഷ്ണന്‍ 25 ലക്ഷം രൂപ വായ്പ വാങ്ങി തിരിച്ചു നല്‍കിയില്ലെന്ന പരാതിയുമായി ബിജെപി വനിത നേതാവ് രംഗത്തെത്തി. ഇടുക്കി മുട്ടത്തെ ഗീതാകുമാരിയാണ് വഞ്ചിക്കപ്പെട്ടത്. അനന്തു നല്‍കിയ ചെക്കുകളെല്ലാം മടങ്ങിയെന്നും 2019ലാണ് ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് അനന്തു കടം വാങ്ങിയതെന്നും ഗീതാകുമാരി പറഞ്ഞു.തട്ടിപ്പിന് ഇരയായവരില്‍ ഭൂരിഭാഗവും സാധാരണക്കാരായ സ്ത്രീകളാണ്.