ഷാഫി പറമ്പില്‍ എം.പിക്കെതിരായ സി.പി.എം പാലക്കാട് ജില്ല സെക്രട്ടറിയുടെ അധിക്ഷേപത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ടി. സിദ്ദീഖ് എം.എല്‍.എ. ഒറ്റതിരിഞ്ഞ് ആക്രമിക്കുകയും പൊതുമധ്യത്തില്‍ അപമാനിക്കുകയും ചെയ്യുന്നത് സി.പി.എമ്മിന്റെ ശൈലിയാണെന്നും ഷാഫിയെ തൊടാനും ആക്രമിക്കാനും പൊതുസമൂഹം അനുവദിക്കില്ലെന്ന് സിദ്ദീഖ് പറഞ്ഞു. യുവനേതാക്കളെ ഒറ്റതിരിഞ്ഞ് അപമാനിക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്.
ഷാഫി മത്സരിക്കുമ്പോള്‍ സാമുദായികമായി ചിത്രീകരിക്കാനുള്ള ശ്രമം നടത്തി. ഇപ്പോള്‍ മറ്റ് രീതിയില്‍ ഷാഫിയെ അപമാനിക്കാന്‍ ശ്രമിക്കുകയാണ്. ബല്‍റാമിനെതിരെയും ആക്രമണമുണ്ടായി. തനിക്കെതിരെ ‘ക്വട്ടേഷന്‍ മാഫിയ ക്രിമിനല്‍ സംഘത്തലവന്‍’ എന്ന് പറഞ്ഞാണ് സി.പി.എം കല്‍പറ്റയില്‍ പ്രകടനം നടത്തിയതെന്നും സിദ്ദീഖ് പറഞ്ഞു.
സി.പി.എമ്മിനെ കുറിച്ച് പൊതുസമൂഹത്തിന് കൃത്യമായി അറിയാം. ആദ്യം പട്ടിയെന്ന് വിളിക്കും, പിന്നീട് പേപ്പട്ടിയാക്കും, പിന്നെ തല്ലിക്കൊല്ലാനുള്ള നടപടിയെടുക്കും. ആ തല്ലിക്കൊല്ലലും സി.പി.എമ്മിന്റെ സ്വഭാവും പൊതുസമൂഹത്തിന് കൃത്യമായി അറിയാമെന്നും ടി. സിദ്ദീഖ് പറഞ്ഞു.
ഷാഫി പറമ്പിലിനെതിരെ ഗുരുതര ആരോപണവുമായി സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു രംഗത്തെത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ ഹെഡ്മാസ്റ്ററാണ് ഷാഫിയെന്ന് പറഞ്ഞ സുരേഷ് ബാബു, ഹെഡ്മാസ്റ്റര്‍ സ്ത്രീകളെ കണ്ടാല്‍ ബംഗളൂരുവിലേക്ക് വിളിക്കുമെന്നും പറഞ്ഞു.
ഇ.എന്‍ സുരേഷ് ബാബു തനിക്കെതിരെ നടത്തിയത് അധിക്ഷേപമാണെന്നും മറുപടി അര്‍ഹിക്കാത്തതാണെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.