മലപ്പുറം: കാൻസർ, കിഡ്നി രോഗികൾക്ക് ആധുനികവും സൗജന്യവുമായ ചികിത്സ നൽകിവരുന്ന എടവണ്ണയിലെ സീതി ഹാജി സെന്റർ ഫോർ ചാരിറ്റീസ് ധനസമാഹരണ ക്യാമ്പയിന് തുടക്കമായി.
ക്യാമ്പയിന് വേണ്ടി സജ്ജീകരിച്ച ആപ്പ് ലോഞ്ചിങ് പാണക്കാട്ട് വെച്ചു നടന്ന ചടങ്ങിൽ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ട്രസ്റ്റ് ചെയർമാൻ പി.കെ ബഷീർ എം.എൽ.എ, പി.എം.എ സമീർ, ബാലത്തിൽ ബാപ്പു, ട്രസ്റ്റ് ബോർഡ് അംഗങ്ങളായ പി.കെ കരീം പി. ഷംസുദ്ദീൻ, വരിക്കോടൻ ഹാഷിം,അക്ബർ കെഇ ,റഫീഖ് നൂറേങ്ങൽ,വി.പി ലുഖ്മാൻ, അഹ്മദ്കുട്ടി മദനി,എ.അഹ്മദ് കുട്ടി, എ ഷുക്കൂർ,യൂസഫലി ആര്യൻതൊടിക തുടങ്ങിയവർ സംബന്ധിച്ചു.
ക്യാൻസർ, കിഡ്‌നി രോഗികൾക്ക് സൗജന്യമായ ചികിത്സയാണ് സീതി ഹാജി സെന്റർ ഫോർ ചാരിറ്റീസ് നൽകിവരുന്നത്. ആയിരത്തിലധികം രോഗികൾക്ക് 20 ബെഡുകളിലായി ഓരോ വർഷവും സൗജന്യമായി കീമോ തെറാപ്പി നൽകിവരുന്നു. നാലായിരത്തിലേറെ കീമോകൾ ഇവിടെ സൗജന്യമായി ചെയ്തുകഴിഞ്ഞു. ക്യാൻസർ ഒ.പി, സ്തനാർബുദം നിർണയിക്കാനുള്ള മാമോഗ്രാം ടെസ്റ്റ്, അൾട്രാ സൗണ്ട് സ്‌കാനിങ്, ഗർഭാശയ ക്യാൻസർ നിർണയിക്കുന്ന പാപ്‌സ്മിയർ ടെസ്റ്റ്, എക്‌സ്-റെ, ലാബോറട്ടറി, എഫ്.എൻ.എ.സി, കാരുണ്യ ഫാർമസി തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്. പാവപ്പെട്ട കിഡ്നി രോഗിക്ക് ആശ്വാസമേകാൻ സീതി ഹാജി ഡയാലിസിസ് സെന്റർ എടവണ്ണയിൽ ഉദ്ഘാടനത്തിന് സജ്ജമായിരിക്കുകയാണ്.