തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയനായ സഹപ്രവര്‍ത്തകനും സുഹൃത്തുമായ സുകാന്തിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങള്‍ തള്ളി യുവതിയുടെ കുടുംബം.
സുകാന്തിന്റെ മാതാപിതാക്കള്‍ വിവാഹാലോചനയുമായി വീട്ടില്‍ വന്നിട്ടില്ല. വിവാഹാലോചനയില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് സുകാന്തും കുടുംബവും ശ്രമിച്ചതെന്ന് യുവതിയുടെ വീട്ടുകാര്‍ പറയുന്നു.
2024 ജൂലായ് മാസത്തില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് യുവതി ഗര്‍ഭഛിദ്രം നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.
പൊലീസ് അന്വേഷിക്കുന്ന മലപ്പുറം സ്വദേശി സുകാന്ത് സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കൊച്ചിയില്‍ ഐ ബി ഉദ്യോഗസ്ഥനായ ഇയാള്‍ സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയി. മരിച്ച യുവതിയുമായി പ്രണയത്തിലായിരുന്നെന്നും കുടുംബങ്ങള്‍ തമ്മില്‍ വിവാഹാലോചന നടത്തിയിരുന്നെന്നും ഇയാളുടെ ജാമ്യാപേക്ഷയിലുണ്ട്.
താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്ന് ഇയാള്‍ ഹര്‍ജിയില്‍ പറയുന്നു.. ഐബി ഉദ്യോഗസ്ഥയായിരുന്ന സഹപ്രവര്‍ത്തകയുടെ മരണം ആത്മഹത്യയാണോ അപകടമരണമാണോയെന്ന് പൊലീസ് ഇതേവരെ കണ്ടെത്തിയിട്ടില്ലെന്നും മരിച്ച യുവതിയുടെ കുടുംബം തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.