തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ വനിതാ ഐ ബി ഓഫീസര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിന്റെ പുതിയ പെണ്‍സുഹൃത്തും ഐബിയിലെ തന്നെ ഒരു വനിതാ ഓഫീസറെന്ന് വിവരം. സുകാന്തിനെതിരെ ലൈംഗിക പീഡനത്തിനും പണം തട്ടിയെടുത്തതിനും പുതിയ വകുപ്പുകള്‍ കൂടി ചുമത്തി.
ഇയാളെ പിടികൂടാന്‍ സംസ്ഥാനത്തിന് പുറത്തേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ലുക്കൗട്ട് നോട്ടീസ് നേരത്തെ ഇറക്കിയ സാഹചര്യത്തില്‍ രാജ്യംവിട്ടു പോകാന്‍ സാധ്യതയില്ലെന്ന് പൊലീസ് വ്യക്തമാക്കി.
രാജസ്ഥാനിലെ പരിശീലന കാലയളവിലാണ് ജീവനൊടുക്കിയ വനിതാ ഉദ്യോഗസ്ഥയെ സുകാന്ത് പരിചയപ്പെട്ടത്.നെടുമ്പാശേരിയില്‍ ഇമിഗ്രേഷന് ഓഫീസറായ സുകാന്ത് അവിടെ അപ്പാര്‍ട്ട്‌മെന്റ് വാടകക്കെടുത്ത് യുവതിയെ ഒപ്പം താമസിപ്പിച്ചിരുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തന്റെ സിവില്‍ സര്‍വീസ് പരീക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. ഇതിനിടെയാണ് ഗര്‍ഭം അലസിപ്പിച്ചെന്ന വിവരവും വെളിച്ചത്ത് വന്നത്.
സുകാന്ത് പിന്നീട് നെടുമ്പാശ്ശേരിയില്‍ ജോലി ചെയ്യുന്ന മറ്റൊരു വനിതാ ഐബി ഓഫീസറുമായി അടുത്ത ബന്ധം സ്ഥാപിച്ചുവെന്നാണ് അന്വേഷണത്തില്‍ വെളിവായത്. സുകാന്ത് നല്‍കിയ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ ഇത് വരെയുള്ള അന്വേഷണത്തിലെ വിവരങ്ങള്‍ പൊലീസ് കോടതിയെ അറിയിക്കും.