ഡാലസ്: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ലാന) ദ്വൈവാര്‍ഷിക ത്രിദിന സാഹിത്യ സമ്മേളനം ഒക്ടോബര്‍ 31, നവംബര്‍ 1, 2 തീയതികളില്‍ ഡാലസില്‍ നടക്കും. ഇടത് ചിന്തകനും വിവാദ പ്രസ്താവനകള്‍ക്കായി അറിയപ്പെടുന്ന സുനില്‍ പി. ഇളയിടം മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് അറിയിച്ചതോടെ സംഘടനയ്‌ക്കുള്ളിലും സാഹിത്യവൃത്തങ്ങളിലുമുള്ള ചര്‍ച്ചകള്‍ക്ക് വേഗംകൂടി.
അമേരിക്കന്‍ മലയാളികളുടെ പ്രധാന സാഹിത്യ വേദിയായ ലാനയില്‍ മുഖ്യാതിഥിയായി ഇളയിടത്തെ ക്ഷണിച്ചതില്‍ സംഘടനാ നേതാക്കളുടെ രാഷ്‌ട്രീയ സങ്കുചിതത്വവും തീരുമാനപ്രക്രിയയിലുണ്ടായ വീഴ്ചകളും തുറന്നുകാട്ടിയതായി നിരവധി പ്രമുഖരുടെയും എഴുത്തുകാരുടെയും പ്രതികരണം. “കക്ഷിരാഷ്‌ട്രീയത്തിന്റെ തിമിരത്താല്‍ കൈവച്ചിടത്തൊക്കെ കൈപൊള്ളി, ഭരണത്തിന്റെ ആശ്വാസലേപനവും വ്യാജ സോഷ്യല്‍ മീഡിയ ബിംബവല്‍ക്കരണവും കൊണ്ട് കാലം കഴിക്കുന്ന ഇദ്ദേഹം അമേരിക്കന്‍ മലയാളിക്ക് എന്ത് സന്ദേശമാണ് നല്‍കാന്‍ പോകുന്നത്?” എന്ന ചോദ്യവുമായി ലാനയിലെ പ്രമുഖനും എഴുത്തുകാരനും പ്രഭാഷകനുമായ സുരേന്ദ്രന്‍ നായര്‍ രംഗത്തെത്തി.
മുന്‍കാലത്ത് ലാനാ വേദികളില്‍ ഡോ. സുകുമാര്‍ അഴിക്കോട്, എം.പി. വീരേന്ദ്രകുമാര്‍, ഡോ. അയ്യപ്പ പണിക്കര്‍, ഒ.എന്‍.വി. കുറുപ്പ്, പ്രൊ. മധുസൂദനന്‍ നായര്‍, പെരുമ്പടവം ശ്രീധരന്‍, രാമനുണ്ണി, സി. രാധാകൃഷ്ണന്‍, എം.എന്‍. കാരശ്ശേരി തുടങ്ങി മലയാളത്തിലെ പ്രഗത്ഭരായ നിരവധി വ്യക്തിത്വങ്ങള്‍ മുഖ്യാതിഥികളായെത്തിയിരുന്നു. അവരുടെ ആത്മാര്‍ഥ സാന്നിധ്യമാണ് അമേരിക്കന്‍ മലയാളികളുടെ സാഹിത്യബോധത്തെയും സാംസ്‌കാരിക ആത്മാവിനെയും ശക്തിപ്പെടുത്തിയത്.
അതിന് വിരുദ്ധമായി, സുനില്‍ പി. ഇളയിടത്തിന്റെ വിശ്വാസ്യതയെപ്പറ്റി തന്നെ സംശയം ഉയര്‍ത്തുന്ന നിരവധി രേഖകളും ആരോപണങ്ങളും കഴിഞ്ഞ ദശകങ്ങളില്‍ പുറത്തുവന്നിട്ടുണ്ടെന്നത് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. 1997-ല്‍ കേരളത്തിലെ ഒരു സര്‍വ്വകലാശാലയില്‍ നിയമനവുമായി ബന്ധപ്പെട്ട പിന്‍വാതില്‍ പ്രവേശന ആരോപണങ്ങളും, അക്കാദമിക് പ്രബന്ധങ്ങളില്‍ ഉയര്‍ന്ന ആശയചോരണ ആരോപണങ്ങളും വീണ്ടും ചര്‍ച്ചയാകുന്നു.
“അമേരിക്കയിലെ സാഹിത്യ ആസ്വാദകര്‍ക്ക് അനുകരിക്കാന്‍ ഒന്നുമില്ലാത്ത, കാലഹരണപ്പെട്ട രാഷ്‌ട്രീയ വിഴുപ്പിനെയാണ് ഈ മുഖ്യാതിഥി പ്രതിനിധീകരിക്കുന്നത്. ഇത് ലാനയുടെ പ്രതിഷ്ഠയ്‌ക്ക് തന്നെ തിരിച്ചടിയാകും,” എന്ന് സംഘടനയുടെ മുന്‍ ഭാരവാഹികളും സൂചിപ്പിക്കുന്നു.