• Thu. Dec 4th, 2025

24×7 Live News

Apdin News

സുന്ദരികളായ പെൺകുട്ടികളോട് വെറുപ്പും അസൂയയും; രണ്ടു വർഷത്തിനുള്ളിൽ യുവതി കൊന്ന് തള്ളിയത് നാല് കുട്ടികളെ

Byadmin

Dec 4, 2025



പാനിപത്ത്: ഹരിയാനയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ സ്വന്തം മകനെയും മൂന്ന് പെൺകുട്ടികളെയും കൊലപ്പെടുത്തിയ 32കാരിയെ അറസ്റ്റ് ചെയ്ത് പോലീസ്. സുന്ദരികളായ കുട്ടികളോടുള്ള വെറുപ്പും അസൂയയും മൂലമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

തിങ്കളാഴ്ച നൗൽത്ത ഗ്രാമത്തിലെ ഒരു വിവാഹ ചടങ്ങിനിടെ കാണാതായ 6 വയസ്സുകാരി വിധിയെ കണ്ടെത്താനായി പോലീസ് നടത്തിയ അന്വേഷണമാണ് ക്രൂര കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തിൽ വിധിയെ വീടിന്റെ ഒന്നാം നിലയിലെ ഒരു സ്റ്റോർറൂമിൽ വെള്ളം നിറച്ച പ്ലാസ്റ്റിക് ടബ്ബിൽ മുഖം കുനിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

പിന്നീട് കുട്ടിയുടെ അമ്മായി പൂനത്തെ പോലീസ് അറസ്റ്റ് ചെയ്തു. അതിഥികൾ പോയതിനുശേഷം, പെൺകുട്ടിയെ പ്രലോഭിപ്പിച്ച് മുകളിലേക്ക് കൊണ്ടുപോയി മുക്കിക്കൊല്ലുകയും, മുറി പുറത്തുനിന്ന് പൂട്ടിയിട്ട് താഴേക്ക് മടങ്ങുകയും ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ചോദ്യം ചെയ്യലിൽ പൂനം നേരത്തെ മൂന്ന് കൊലപാതകങ്ങൾ നടത്തിയതായി സമ്മതിച്ചു. 6 വയസ്സുള്ള രണ്ട് പെൺകുട്ടികളും 9 വയസ്സുള്ള ഒരു പെൺകുട്ടിയുമായിരുന്നു അവർ കൊലപ്പെടുത്തിയത്.

മരണങ്ങൾ ആകസ്മികമാണെന്ന് അവരുടെ കുടുംബങ്ങൾ വിശ്വസിക്കുകയും ഇതിനകം തന്നെ അന്ത്യകർമങ്ങൾ നടത്തുകയും ചെയ്തിരുന്നു. 2023ൽ സ്വന്തം മകൻ ഉൾപ്പെടെ രണ്ട് കുട്ടികളെയും, ഈ വർഷം ഓഗസ്റ്റിൽ മറ്റൊരു പെൺകുട്ടിയെയും കൊലപ്പെടുത്തിയതായി സ്ത്രീ പോലീസിനോട് പറഞ്ഞതായി പാനിപ്പത്ത് പോലീസ് സൂപ്രണ്ട് ഭൂപേന്ദർ സിംഗ് പറഞ്ഞു. വീട്ടുകാർ തന്നെ സംശയിക്കുമെന്ന് ഭയന്നായിരുന്നു സ്വന്തം മകൻ ശുഭമിലെ കൊലപ്പെടുത്തിയത്. അവർക്ക് ഒരു കുട്ടി കൂടിയുണ്ട്.

താൻ സുന്ദരിയായി കരുതുന്ന പെൺകുട്ടികളോട് വെറുപ്പ് തോന്നിയെന്നും, അവർ വളർന്നു വരുമ്പോൾ തന്നേക്കാൾ ആകർഷകത്വമുള്ളവരായി മാറിയേക്കുമെന്ന ചിന്തയിൽ അസൂയ തോന്നിയെന്നും പൂനം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി എസ്പി പറഞ്ഞു.

By admin