സുപ്രിംകോടതി ജഡ്ജിമാര്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് സുപ്രിംകോടതി. ഫുള്‍കോര്‍ട്ട് യോഗത്തിലാണ് തീരുമാനം സ്വീകരിച്ചത്. ഡല്‍ഹി ഹൈകോടതി ജഡ്ജി ആയിരുന്ന യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം സുപ്രീംകോടതി സ്വീകരിച്ചത്.
സുപ്രിം കോടതിയിലെ 33 സിറ്റിംഗ് ജഡ്ജിമാരും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തും. ഈ മാസം ഒന്നിന് ചേര്‍ന്ന ഫുള്‍ കോര്‍ട്ട് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കിയത്. ജുഡീഷ്യല്‍ സംവിധാനങ്ങളുടെ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിന് കൂടിയാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.
അതേസമയം ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയതിന് പിന്നാലെ ജുഡീഷ്യറിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ജഡ്ജിമാര്‍ അവരുടെ സ്വത്ത് വിവരങ്ങളുടെ കൃത്യമായ കണക്ക് ബോധിപ്പിക്കണം. ഡാറ്റ സുപ്രീംകോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.