• Tue. May 20th, 2025

24×7 Live News

Apdin News

സുപ്രീംകോടതി നിര്‍ദേശങ്ങള്‍ കേരളത്തിന് തിരിച്ചടിയല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

Byadmin

May 19, 2025


തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റ പണി വിഷയത്തില്‍ സുപ്രീംകോടതി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ കേരളത്തിന് തിരിച്ചടിയല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. അണക്കെട്ടിന്റെ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യങ്ങളാണ് സുപ്രീംകോടതി പരിഗണിച്ചത്. പുതിയ അണക്കെട്ട് എന്ന ആശയത്തില്‍ തന്നെ കേരളം ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു. തമിഴ്‌നാടിന് ആവശ്യമായ ജലവും ഉറപ്പാക്കും.

മരം മുറിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് എടുക്കേണ്ടതെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു.വിഷയത്തില്‍ കേരളത്തിന്റെ നിര്‍ദേശങ്ങള്‍ അറിയിക്കും. വന്യജീവി സങ്കേതം ആണെന്നതിനാല്‍ ഡാമിലേക്കുള്ള റോഡ് നിര്‍മാണം പരിസ്ഥിതി സൗഹാര്‍ദ്ദത്തോടെ മാത്രമേ നടുക്കൂ. ബി എം ബി സി നിലവാരത്തില്‍ റോഡ് നിര്‍മിക്കുക സാധ്യമല്ല.

മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താന്‍ വേണ്ടി മരം മുറിക്കാന്‍ അനുമതി തേടിയാണ് തമിഴ്നാട് സുപ്രീം കോടതിയിലെത്തിയത്. ഈ അപേക്ഷ കേരളം അംഗീകരിക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞത്.പണി നടക്കുന്ന സ്ഥലത്ത് കേരള സര്‍ക്കാരിന്റെ ഉദ്യോഗസ്ഥന്റെ സാന്നിധ്യം വേണം. അറ്റകുറ്റപ്പണികള്‍ക്കായി സാധന സാമഗ്രികള്‍ എത്തിക്കാന്‍ റോഡ് നിര്‍മ്മിക്കണമെന്ന ആവശ്യവും അംഗീകരിച്ചു. റോഡ് കേരളം നിര്‍മിക്കുകയും ചെലവ് തമിഴ്നാട് വഹിക്കാനുമാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ഡോര്‍മിറ്ററിയുടെ അറ്റക്കുറ്റപണി നടത്താനും തമിഴ്നാടിന് അനുവാദം നല്‍കി. ഗ്രൗട്ടിംഗ് സംബന്ധിച്ച തീരുമാനം മേല്‍നോട്ട സമിതിക്കും വിട്ടു.

അതേസമയം,മുല്ലപ്പെരിയാറില്‍ അപകട സാധ്യത മുന്‍നിര്‍ത്തി പുതിയ ഡാമെന്ന ആവശ്യമാണ് കേരളം മുന്നോട്ട് വച്ചിട്ടുളളത്.2021ല്‍ മരം മുറിക്കാന്‍ അനുമതി നല്‍കിയെങ്കിലും വലിയ രാഷ്‌ട്രീയ വിവാദമായതോടെ പിന്‍വലിച്ചു. ഇതോടെയാണ് തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചത്.

 



By admin