
ന്യൂദൽഹി: അമേരിക്കൻ സുപ്രീം കോടതി അടുത്തിടെ റദ്ദാക്കിയ വ്യാപാര തീരുവകൾ പുനസ്ഥാപിച്ച്് രാജ്യത്തെ ഏറെ കഠിനമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് 10% തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രസിഡന്റിന്റെ പ്രത്യേക അധികാരമുപയോഗിച്ചാണിത്. ഇതിന് 150 ദിവസത്തെ സാധുതയേ ഉള്ളു. അമേരിക്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുമ്പോൾ പിടിച്ചുനിൽക്കാനുള്ള പൊടിക്കൈകൾ മാത്രമാണ് ഇതെല്ലാമെന്നാണ് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നത്.
ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ ട്രംപ് ഇങ്ങനെ പറഞ്ഞു, ”എല്ലാ രാജ്യങ്ങൾക്കും ആഗോളതലത്തിൽ 10% തീരുവ ഏർപ്പെടുത്തുന്നതിൽ ഓവൽ ഓഫീസിൽ നിന്ന് ഒപ്പുവെച്ചതിൽ എനിക്ക് അഭിമാനമുണ്ട്, അത് ഉടൻ തന്നെ പ്രാബല്യത്തിൽ വരും.”
1977 ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) പ്രകാരം ചുമത്തിയിരുന്ന 10 മുതൽ 15 വരെ ശതമാനം താരിഫുകൾ അമേരിക്കൻ സുപ്രീം കോടതി അസാധുവാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.