തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചത് വ്യാപകമായി കള്ളവോട്ട് ചേര്‍ത്തത് കൊണ്ടാണെന്ന് വ്യക്തമാക്കി കൂടുതല്‍ തെളിവുകള്‍. വ്യാജ വോട്ടറായി പേര് ചേര്‍ത്തവരില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഡ്രൈവറുമുണ്ട്. പൂങ്കുന്നത്തെ ഫ്ളാറ്റില്‍ താമസിക്കാതെ വോട്ട് ചേര്‍ത്ത തിരുവനന്തപുരം സ്വദേശിയായ എസ്. അജയകുമാര്‍ സുരേഷ് ഗോപിയുടെ ഡ്രൈവര്‍ ആണ്. നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ഇയാളുടെ വോട്ട് തിരുവനന്തപുരത്താണ് എന്നതിനും തെളിവുകള്‍ ലഭിച്ചു. വോട്ടര്‍ ഐഡി നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കള്ളക്കളി വ്യക്തമായത്. ഫ്ളാറ്റ് ഉടമക്ക് അറിയുക പോലും ചെയ്യാത്ത താമസക്കാരനാണ് അജയകുമാര്‍. തൃശൂരിലെ അജയകുമാര്‍ തന്നെയാണ് തിരുവനന്തപുരത്തെയും അജയകുമാര്‍ എന്നത് സ്ഥിരീകരിച്ചു. പൂങ്കുന്നത്തെ ക്യാപിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റ്‌സിലെ നാല് സി എന്ന ഫ്‌ളാറ്റില്‍ ക്രമക്കേടിലൂടെ ചേര്‍ത്തത് ഒമ്പത് വോട്ടുകളാണ്.