• Sat. Apr 5th, 2025

24×7 Live News

Apdin News

സുരേഷ് ഗോപി രാഷ്ട്രീയ കോമാളിത്തം നിര്‍ത്തണം: കെ.യു.ഡബ്ല്യൂ.ജെ – Chandrika Daily

Byadmin

Apr 4, 2025


മാധ്യമങ്ങളെ പുച്ഛിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് തുടരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പ്രതികരിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. സിനിമയിലെ ആക്ഷന്‍ ഹീറോ പരിവേഷത്തിന്റെ കെട്ട് വിടാതെ ജനപ്രതിനിധിയായ സുരേഷ് ഗോപി രാഷ്ട്രീയ കോമാളിയായി അതിവേഗം വേഷപ്പകര്‍ച്ച നടത്തുകയാണെന്നും യൂണിയന്‍ വ്യക്തമാക്കി.

ജനാധിപത്യം എന്തെന്ന് അറിയുന്ന ഒരു രാഷ്ട്രീയ നേതാവും മാധ്യമങ്ങളെ ഇങ്ങനെ അവഹേളിച്ചു സംസാരിക്കാന്‍ മുതിരില്ലെന്നും ഇനിയും തരം താഴരുതെന്ന് മാത്രമേ അദ്ദേഹത്തോട് പറയാനുള്ളൂവെന്നും യൂണിയന്‍ വ്യക്തമാക്കി.

അപഹാസ്യമായ പെരുമാറ്റം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും ജനങ്ങളെ പ്രജകളായി കാണുന്ന കേന്ദ്രമന്ത്രി ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെയും മൂല്യങ്ങളെയും കുറിച്ച് ഇനിയെങ്കിലും പഠിക്കേണ്ടതുണ്ടെന്നും കെ.യു.ഡബ്ല്യൂ.ജെ കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങളെ പുച്ഛിക്കല്‍, മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ഭീഷണി സ്വരത്തില്‍ ആക്രോശിക്കല്‍, അവരെ വിരട്ടാന്‍ ശ്രമിക്കല്‍, തനിക്കിഷ്ടമല്ലാത്ത മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരെ പേരെടുത്ത് പറഞ്ഞ് കളിയാക്കല്‍ അങ്ങനെ ശീലിച്ചു പോന്ന കോമാളിത്തങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിച്ച് മാന്യമായി പെരുമാറാന്‍ അദ്ദേഹം തയ്യാറാകണമെന്നും കെ.യു.ഡബ്ല്യൂ.ജെ പറഞ്ഞു.

കേന്ദ്രമന്ത്രിയായിട്ടും പക്വതയാര്‍ജിക്കാനോ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് സംയമനത്തോടെ പ്രതികരിക്കാനാ കഴിയാത്തത് അദ്ദേഹത്തിന്റെ പൊതുബോധമില്ലായ്മയാണ് വ്യക്തമാക്കുന്നതെന്നും യൂണിയന്‍ വിമര്‍ശിച്ചു.

‘നിങ്ങളാരാ ആരോടാണ് ചോദിക്കുന്നത് ബീ കെയര്‍ഫുള്‍, സൗകര്യമില്ല പറയാന്‍… ഇങ്ങനെയായിരുന്നു ഇന്ന് മന്ത്രിയുടെ കലി പലതവണ ഇത്തരം ചെയ്തികള്‍ക്കെതിരെ കേരളത്തിലെ ജനാധിപത്യ സമൂഹം മുന്നറിയിപ്പ് നല്‍കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്‌തെങ്കിലും അതൊന്നും മാനിക്കാന്‍ സുരേഷ് ഗോപി തയ്യാറല്ല എന്നാണ് ഇന്ന് (വെള്ളിയാഴ്ച) എറണാകുളത്തെ പ്രകടനം വ്യക്തമാക്കുന്നത്.

കൈരളി ടി.വിക്കു നേരെ സുരേഷ് ഗോപി നടത്തിയ പരാമര്‍ശങ്ങള്‍ അത്യന്തം പ്രതിഷേധാര്‍ഹമാണ്. ജനങ്ങളാണ് എല്ലാറ്റിനും മുകളിലെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി ആ ജനങ്ങളുടെ കണ്ണും കാതുമായ മാധ്യമങ്ങളെ അവഹേളിക്കുന്നത് ജനത്തോടുള്ള വെല്ലുവിളി തന്നെയാണ്,’ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ വ്യക്തമാക്കി.



By admin