
ലയാള സിനിമയെ പിടിച്ചുക്കുലുക്കിയ നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നു. നടൻ ദിലീപ് അടക്കം പ്രതിയായ കേസിൽ, മലയാള സിനിമയിലെ പല താരങ്ങളും സാക്ഷിയായ കേസ് സിനിമാ ലോകത്തേക്ക് സർക്കാരിന്റെ ഇടപെടലിനും കാരണമായ ഒന്നാണ്.
കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ. പൾസർ സുനി,മാർട്ടിൻ ആന്റണി, മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലിം, പ്രദീപ് എന്നിവരാണ് കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിൻറെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നതടക്കമുള്ള കുറ്റങ്ങൾ പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. എന്നാൽ, ഇക്കാര്യങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്തതിനാൽ കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി.
വിധി വന്നതിനു പിന്നാലെ പാർവതി തിരുവോത്ത് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. “വളരെ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ ഒരു തിരക്കഥ വളരെ ക്രൂരമായി വികസിക്കുന്നതാണ് ഇപ്പോൾ നമ്മൾ കാണുന്നത്.” എന്നാണ് പാർവതി കുറിച്ചിരിക്കുന്നത്.
അവള്‍ക്കൊപ്പം എന്ന് എഴുതിയ ബാനറിന്റെ ചിത്രമാണ് റിമ കല്ലിങ്കല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. എപ്പോഴും, മുന്‍പത്തേതിലും ശക്തമായി, ഇപ്പോള്‍…” എന്നും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട് റിമ.
മരണം വരെ അവൾക്കൊപ്പമാണ്. അതിജീവിതയും നീതി നിഷേധത്തിന്റ ഷോക്കിലാണ്. മഞ്ജു വാര്യർക്ക് എതിരായ ആക്ഷേപം അനാവശ്യമാണ്. അമ്മ ഈ വിധി ആഘോഷിക്കുമെന്നും വരും ദിവസങ്ങളിൽ അത് കാണാമെന്നും ഭാഗ്യലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ രൂപീകരിക്കപ്പെട്ട സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യുസിസിയിലെ സജീവ സാന്നിധ്യമായിരുന്നു റിമ കല്ലിങ്കലും, പാർവതിയും, ഭാഗ്യലക്ഷമിയും
2017 ഫെബ്രുവരി 17-ന് രാത്രിയാണ് കൊച്ചിയിൽ വാഹനത്തിനുള്ളിൽ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. കേസിൽ നടൻ ദിലീപ് അടക്കം പത്തുപേരാണ് പ്രതി പട്ടികയിലുള്ളത്. പൾസർ സുനിയെന്ന് അറിയപ്പെടുന്ന സുനിൽ എൻ.എസാണ് കേസിലെ ഒന്നാം പ്രതി. ഷൂട്ടിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷൻ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യം പകർത്തിയെന്നാണ് കേസ്.