വാഴ്സോ (പോളണ്ട്) :ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായി നടന്ന സൂപ്പര്‍ബെറ്റ് ബ്ലിറ്റ്സ് ആന്‍റ് റാപിഡില്‍ മൂന്നാമനായി പ്രജ്ഞാനന്ദ. ആകെയുള്ള 36 പോയിന്‍റില്‍ 20.5 പോയിന്‍റ് നേടിയാണ് പ്രജ്ഞാനന്ദ മൂന്നാമനായത്. ഈ ടൂര്‍ണ്ണമെന്‍റില്‍ നിന്നും 8.4 പോയിന്‍റ് നേടിയതോടെ പ്രജ്ഞാനന്ദയുടെ സര്‍ക്യൂട്ട് റാങ്കിംഗ് 44.5 പോയിന്‍റായി. ഇതാണ് ഫിഡെ സര്‍ക്യൂട്ട് ലീഡര്‍ ബോര്‍ഡില്‍ പ്രജ്ഞാനന്ദയെ ഒന്നാം സ്ഥാനക്കാരനാക്കിയത്. ചൈനയുടെ ഡിങ്ങ് ലിറനാണ് രണ്ടാമത്. ഗുകേഷിന് ആറാം സ്ഥാനമേയുള്ളൂ. ലോകത്തെ പ്രമുഖ ചെസ് ടൂര്‍ണ്ണമെന്‍റുകളുടെ പ്രകടനം ക്രോഡീകരിച്ച് നിര്‍മ്മിക്കുന്നതാണ് ഫിഡെയുടെ സര്‍ക്യൂട്ട് ലീഡര്‍ ബോര്‍ഡ്.
ഒന്നാം സ്ഥാനം വ്ളാഡിമിര്‍ ഫിഡൊസീവിനാണ്. അദ്ദേഹം 26.5 പോയിന്‍റ് നേടി. ഏകദേശം 40000 ഡോളര്‍ ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചു. രണ്ടാം സ്ഥാനക്കാരനായ ഫ്രാന്‍സിന്റെ മാക്സിം വാചിയര്‍ ലെഗ്രാവ് 21.5 പോയിന്‍റോടെ മൂന്നാം സ്ഥാനക്കാരനായി.
നേരത്തെ മുന്‍നിരസ്ഥാനം പ്രതീക്ഷിച്ചിരുന്ന ഇന്ത്യയുടെ അരവിന്ദ് ചിതംബരം പക്ഷെ അവസാനറൗണ്ടുകളില്‍ പിറകിലായി. ഇതോടെ അദ്ദേഹത്തിന് ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.