വാഴ്സോ (പോളണ്ട്): അതിവേഗചെസ് കളിയായ സൂപ്പര്‍ ബെറ്റ് റാപ്പിഡ് ചെസില്‍ മൂന്ന് റൗണ്ട് പിന്നിട്ടപ്പോള്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ ആറില്‍ നാല് പോയിന്‍റ് നേടി രണ്ടാം സ്ഥാനത്ത്. ഫ്രഞ്ച് താരം അലിറെസ ഫിറൂഷയും രണ്ടാം സ്ഥാനത്ത് നാല് പോയിന്‍റോടെ ഉണ്ട്. ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായി നടക്കുന്ന ടൂര്‍ണ്ണമെന്‍റാണ് പോളണ്ടില്‍ പുരോഗമിക്കുന്ന സൂപ്പര്‍ബെറ്റ് റാപിഡ് ബ്ലിറ്റ്സ് ചെസ്.
വ്ളാഡിമിര്‍ ഫിഡൊസീവ് അഞ്ച് പോയിന്‍റോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഉജ്വലമായ രണ്ട് വിജയങ്ങളാണ് പ്രജ്ഞാനന്ദ നേടിയത്. സ്വന്തം നാട്ടുകാരനായ അരവിന്ദ് ചിതംബരത്തെ ഉജ്ജ്വലമായ ഒരു ഗെയിമില്‍ പ്രജ്ഞാനന്ദ തോല്‍പിച്ചു. അരവിന്ദ് ചിതംബരം വരുത്തിയ പിഴവ് അവസാന നിമിഷം മുതലെടുക്കുകയായിരുന്നു പ്രജ്ഞാനന്ദ. ഫ്രാന്‍സിന്റെ മാക്സിം വാചിയര്‍ ലെഗ്രാവ് എന്ന അപകടകാരിയും പരിചയസമ്പന്നനുമായി ഗ്രാന്‍റ് മാസ്റ്റര്‍ക്കെതിരെ പ്രജ്ഞാനന്ദ നേടിയ വിജയവും ഉജ്ജ്വലമായിരുന്നു. ഇത് ആദ്യമായാണ് പ്രജ്ഞാനന്ദ ലെഗ്രാവിനെ തോല്‍പിക്കുന്നത്.
പക്ഷെ തീരെ അപ്രതീക്ഷിതമായ ഒരു തോല്‍വിയാണ് പ്രജ്ഞാനന്ദയെ പിറകോട്ടടിപ്പിച്ചത്. റൊമാനിയയുടെ ബോഗ്ഡന്‍ ഡാനിയേല്‍ ഡീകുമായാണ് പ്രജ്ഞാനന്ദ പരാജയപ്പെട്ടത്.