
കണ്ണൂര്‍: ജനിച്ചത് തൃശൂരാണെങ്കിലും ഫുട്ബോളില്‍ തന്റെ ക്ലബ്ബ് കണ്ണൂര്‍ വാരിയേഴ്സാണെന്ന് അര്‍ജുന്‍ എം.എം. യില്‍ നാളെ കലാശപ്പോരാട്ടത്തിനിറങ്ങുന്ന വാരിയേഴ്സിന്റെ മധ്യനിരതാരമായ ഈ 22 വയസ്സുകാരന്‍ കോച്ച് മാനുവല്‍ സാഞ്ചസിന്റെ വിശ്വസ്തനാണ്.
ഈ സീസണില്‍ ഒന്‍പത് മത്സരങ്ങളില്‍ വാരിയേഴ്സിന്റെ മധ്യനിരയുടെ നിയന്ത്രണം ഈ ചെറുപ്പക്കാരന്റെ കാലുകളില്‍ ഭദ്രമായിരുന്നു. പലടീമുകളും വിദേശ താരങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ പൊസിഷനില്‍ കളിക്കുന്ന അര്‍ജുന്‍ ഫൈനലിന് മുന്‍പായി തന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ജന്മഭൂമിയോട് മനസ്സു തുറന്നു.
കാലിക്കറ്റ് എഫ്സിക്കെതിരായ പ്രകടനം
അത് എന്റെ വ്യക്തിഗത പ്രകടനമായി മാത്രം ഞാന്‍ കാണുന്നില്ല. മധ്യനിരയെ നിയന്ത്രിക്കാന്‍ സാധിച്ചത് ടീമിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. ഒരു ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതലയെന്ന് പറയുന്നതുതന്നെ ടീമിന്റെ കളിയെ ബാലന്‍സ് ചെയ്യുക എന്നതാണ്. പ്രതിരോധത്തിന് കരുത്ത് നല്‍കുകയും ടീം അറ്റാക്കിലേക്ക് മാറുമ്പോള്‍ ശരിയായ താളം നിലനിര്‍ത്തുക എന്നത് എന്റെ ജോലിയാണ്. ടീം അംഗങ്ങളുമായി മികച്ച ആശയവിനിമയം ഉണ്ടായതുകൊണ്ടാണ് ആത്മവിശ്വാസത്തോടെ കളിക്കാന്‍ സാധിച്ചത്. സമ്മര്‍ദ്ദമുള്ള മത്സരത്തില്‍ ശാന്തത നിലനിര്‍ത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
കാലിക്കറ്റ് എഫ്സിക്കെതിരായ പ്രധാന വെല്ലുവിളികള്‍
കാലിക്കറ്റ് എഫ്സിയുടെ മുന്നേറ്റനിരയും നിരയും മധ്യനിരയും ശക്തമാണ്. പ്രത്യേകിച്ച് അവരുടെ വേഗത്തിലുള്ള ട്രാന്‍സിഷനുകളും നീക്കങ്ങളും. ഒരു നിമിഷം ശ്രദ്ധ നഷ്ടപ്പെട്ടാല്‍ അവര്‍ സ്‌കോര്‍ ചെയ്യാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സെക്കന്റ് ബോളുകള്‍ സ്വന്തമാക്കുക, പാസിങ് ലൈനുകള്‍ അടയ്‌ക്കുക എന്നിവയായിരുന്നു എന്റെ പ്രധാന ഉത്തരവാദിത്വങ്ങള്‍. പരിശീലകര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ശ്രമിച്ചു. അതെല്ലാം ഫലവത്താവുകയും ചെയ്തു.
തൃശൂരുകാരന്‍ തൃശൂര്‍ മാജിക്കിനെതിരേ
തൃശൂരാണ് എന്റെ നാട്, എന്നാല്‍ എന്റെ ക്ലബ് കണ്ണൂര്‍ വാരിയേഴ്‌സ് ആണ്. ക്ലബ് എന്നില്‍ അര്‍പ്പിച്ച വിശ്വാസം എനിക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതൊരു വലിയ ഉത്തരവാദിത്വമാണ്. കളത്തിലിറങ്ങുമ്പോള്‍ നാടിന്റെ വികാരം മാറ്റിവെച്ച് ടീമിനായി പൂര്‍ണ്ണമായി സമര്‍പ്പിക്കും. എനിക്ക് ലഭിച്ച ഈ അവസരത്തെ ഞാന്‍ ആദരവോടെ കാണുന്നു. കണ്ണൂരിനായി ഞാന്‍ പോരാടും.
സ്വന്തം ഗ്രൗണ്ടില്‍ ഫൈനല്‍
നാളത്തെ ഫൈനല്‍ എന്നത് ഭൂതകാലത്തെ ആശ്രയിച്ചുള്ള മത്സരം അല്ല. ആ ദിവസം കളത്തിലിറങ്ങുന്ന ടീം എങ്ങനെ കളിക്കുന്നു എന്നതിനനുസരിച്ചാണ് എല്ലാം തീരുമാനിക്കപ്പെടുന്നത്. ഹോം ഗ്രൗണ്ടില്‍ കളിക്കുന്നത് ഞങ്ങള്‍ക്ക് വലിയ ഊര്‍ജ്ജമാണ്, എന്നാല്‍ അതോടൊപ്പം വലിയ ഉത്തരവാദിത്വവും. ഒരു ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി എന്റെ പ്രധാന ലക്ഷ്യം ടീമിന് സ്ഥിരത നല്‍കുകയും, സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ ശാന്തത കൈവിടാതെ ശരിയായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുകയാണ്. കണ്ണൂരിനായി, നമ്മുടെ ആരാധകര്‍ക്കായി, അവസാന വിസില്‍ വരെ പോരാടുക തന്നെയാണ് എന്റെ ലക്ഷ്യം.
ഹോം ഗ്രൗണ്ടില്‍ വിജയിച്ചിട്ടില്ല
ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ വിജയിക്കാന്‍ സാധിച്ചിട്ടില്ലെന്നത് സത്യമാണ്. പക്ഷേ ഫുട്‌ബോളില്‍ ഓരോ മത്സരവും പുതിയൊരു കഥയാണ്, പ്രത്യേകിച്ച് ഫൈനല്‍ പോലുള്ള മത്സരങ്ങള്‍. മുമ്പ് എന്ത് സംഭവിച്ചു എന്നത് ഇനി പ്രസക്തമല്ല. ജവഹര്‍ സ്റ്റേഡിയത്തെ ഞങ്ങള്‍ക്കറിയാം, ഇവിടെ കളിച്ച അനുഭവങ്ങളില്‍ നിന്ന് ഞങ്ങള്‍ പുതിയ കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. ആരാധകരുടെ പിന്തുണ മികച്ചതായിരുന്നു. ജവഹര്‍ സ്റ്റേഡിയത്തിലെ അവസാന മത്സരം ഞങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.