• Sat. Nov 1st, 2025

24×7 Live News

Apdin News

സൂപ്പര്‍ ലീഗ് കേരള; തൃശൂര്‍ മാജിക് എഫ്‌സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം

Byadmin

Nov 1, 2025


സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക് എഫ്‌സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. മഹാരാജാസ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ഫോഴ്സ കൊച്ചി എഫ്‌സിക്കെതിരെ ഒരു ഗോള്‍ നേടി തൃശൂര്‍ മാജിക് എഫ്‌സി അങ്കം വിജയിക്കുകയായിരുന്നു. പകരക്കാരനായി എത്തിയ അഫ്‌സലാണ് ഗോള്‍ നേടിയത്. ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. അതേസമയം നാല് റൗണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ തൃശൂര്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തും കൊച്ചി അവസാനസ്ഥാനത്തുമാണ്.

തൃശൂരിന്റെ ലെനി റോഡ്രിഗസിന്റെ പത്താം മിനിറ്റിലെ ഷോട്ട് കൊച്ചിയുടെ അണ്ടര്‍ 23 ഗോള്‍ കീപ്പര്‍ മുഹമ്മദ് മുര്‍ഷിദ് കോര്‍ണര്‍ വഴങ്ങി രക്ഷിച്ചു. പതിനഞ്ചാം മിനിറ്റ് തികയും മുന്‍പ് കൊച്ചിയുടെ സ്പാനിഷ് താരം റാമോണ്‍ ഗാര്‍ഷ്യ പരിക്കേറ്റ് പുറത്തിറങ്ങി. പകരക്കാരനായി മലയാളി താരം ഗിഫ്റ്റി ഗ്രേഷ്യസ് എത്തിയതോടെ താരത്തിന്റെ 25ാം മിനിറ്റില്‍ താഴ്ന്നുവന്ന ഷോട്ട് തൃശൂര്‍ ഗോളി കമാലുദ്ധീന്‍ തടുത്തു. 32ാം മിനിറ്റില്‍ ഫ്രീകിക്കിന് പിന്നാലെ ലഭിച്ച പന്ത് ലെനി റോഡ്രിഗസ് പോസ്റ്റിലേക്ക് തൊടുത്തു വിട്ടെങ്കിലും കൊച്ചി കീപ്പര്‍ മുര്‍ഷിദ് ക്രോസ് ബാറിന് മുകളിലൂടെ തട്ടി. മാര്‍ക്കസ് ജോസഫിന്റെ ക്ലോസ് റെയിഞ്ച് ഹെഡ്ഡറും മുര്‍ഷിദ് തടുത്തു.

എന്നാല്‍ ഇവാന്‍ മാര്‍ക്കോവിച്ചിനെ പിന്‍വലിച്ച തൃശൂര്‍ ഉമാശങ്കറിനെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊണ്ടുവന്നു. 51ാം മിനിറ്റില്‍ എസ് കെ ഫയാസ് വലതുവിങില്‍ നിന്ന് നല്‍കിയ ക്രോസിന് മാര്‍ക്കസ് ജോസഫ് തലവെച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. സജീഷിനെ പിന്‍വലിച്ച കൊച്ചി നിജോ ഗില്‍ബര്‍ട്ടിനും എസ്‌കെ ഫായാസിന് പകരം തൃശൂര്‍ ഫൈസല്‍ അലിക്കും അവസരം നല്‍കി. 80ാം മിനിറ്റില്‍ കൊച്ചിയുടെ മുഷറഫിനെ ഫൗള്‍ ചെയ്ത ബിബിന്‍ അജയന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

എന്നാല്‍ 90ാം മിനിറ്റില്‍ തൃശൂര്‍ വിജയഗോള്‍ നേടുകയായിരുന്നു. 1-0 ന് തൃശൂര്‍ മാജിക് എഫ്‌സിക്ക് മിന്നും വിജയം നേടാനായി.

By admin