കോഴിക്കോട്: കേരള ഫുട്‌ബോളില്‍ ചരിത്രമാറ്റത്തിന് തുടക്കമിട്ട സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണ്‍ ഒക്ടോബര്‍ 2-ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ തുടക്കം കുറിക്കും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ജേതാക്കളായ കാലിക്കറ്റ് എഫ്‌സി, രണ്ടാം സ്ഥാനക്കാരായ ഫോഴ്സ് കൊച്ചി എഫ്‌സിയെ നേരിടും.
രണ്ടര മാസം നീളുന്ന ലീഗില്‍ ഫൈനല്‍ ഉള്‍പ്പെടെ 33 മത്സരങ്ങളാണ് നടക്കുന്നത്. ഉദ്ഘാടനദിനം വൈകുന്നേരം 6 മണിക്ക് വേടന്‍ ഉള്‍പ്പെടെയുള്ള കലാകാരന്മാരുടെ കലാപരിപാടികള്‍ അരങ്ങേറും. ഉദ്ഘാടന മത്സരം രാത്രി 8 മണിക്ക് ആരംഭിക്കും. ക്ലബ് ഉടമകള്‍, സിനിമാതാരങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ആറ് ടീമുകളാണ് ഈ സീസണിലും മത്സരിക്കുന്നത് കണ്ണൂര്‍ വാരിയേഴ്സ് എഫ്‌സി, കാലിക്കറ്റ് എഫ്‌സി, മലപ്പുറം എഫ്‌സി, തൃശൂര്‍ മാജിക് എഫ്‌സി, ഫോഴ്സ് കൊച്ചി എഫ്‌സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി. കഴിഞ്ഞ തവണത്തെ നാലു വേദികളെ അപേക്ഷിച്ച് ഇത്തവണ ആറു വേദികളിലാണ് മത്സരങ്ങള്‍ നടക്കുക. പുതുതായി കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയവും തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയവും ഹോം ഗ്രൗണ്ടുകളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഹോം മത്സരങ്ങള്‍ കളിച്ച ഫോഴ്‌സ കൊച്ചി എഫ്‌സി ഇത്തവണ എറണാകുളം മഹാരാജാസ് ഗ്രൗണ്ടിലാണ് ഹോം മത്സരങ്ങള്‍ക്ക് ഇറങ്ങുക. പുതുതായി ഉള്‍പ്പെടുത്തിയ മൂന്ന് വേദികളും മികച്ച രീതിയില്‍ മത്സരങ്ങള്‍ക്കായി ഒരുക്കിയെടുത്തിട്ടുണ്ട്. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം (ഹോം ടീം: കാലിക്കറ്റ് എഫ്‌സി), മഞ്ചേരി പയ്യനാട് സ്റ്റേഡിയം (ഹോം ടീം: മലപ്പുറം എഫ്‌സി), തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം (ഹോം ടീം: തിരുവനന്തപുരം കൊമ്പന്‍സ്) എന്നിവിടങ്ങളും കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും പോരാട്ടങ്ങള്‍ക്ക് വേദിയാവും.
ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. പോയിന്റ് പട്ടികയിലെ മുന്‍നിര നാല് ടീമുകള്‍ സെമിഫൈനലിന് യോഗ്യത നേടും. ഡിസംബര്‍ 14-ന് ഗ്രാന്‍ഡ് ഫിനാലെ അരങ്ങേറും.
കഴിഞ്ഞ സീസണില്‍ 94 മലയാളി താരങ്ങളാണ് കളിച്ചത്. ഇത്തവണ അത് 100 ആയി ഉയര്‍ന്നിട്ടുണ്ട്. ‘മികച്ച പ്രതിഭകളെ കണ്ടെത്തി, മലയാളി താരങ്ങളുടെ പങ്കാളിത്തം വര്‍ഷംതോറും കൂട്ടുകയാണ് ലക്ഷ്യം. ഭാവിയില്‍ കേരളം ഇന്ത്യയിലെ മികച്ച ഫുട്‌ബോള്‍ ടാലന്റ് പൂളായി മാറും,’ എന്ന് മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ പറഞ്ഞു.
‘വിദേശ ലീഗുകളിലും ഐഎസ്എല്ലിലുമെല്ലാം മികവ് തെളിയിച്ച താരങ്ങള്‍ ഈ സീസണില്‍ ഇറങ്ങുന്നുണ്ട്. പരിചയസമ്പന്നരായ പരിശീലകരുടെ സാന്നിധ്യവും വലിയ നേട്ടമാണ്,’ എന്ന് സിഇഒ മാത്യു ജോസഫ് കൂട്ടിച്ചേര്‍ത്തു.
എല്ലാ മത്സരങ്ങളും സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്ക് സംപ്രേഷണം ചെയ്യും. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് സ്‌പോര്‍ട്‌സ്.കോം സൗജന്യ ലൈവ് സ്ട്രീമിംഗ് ഒരുക്കും.