തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ ഫുട്‌ബോള്‍ ആവേശത്തിന് പുത്തന്‍ ചിറകുകള്‍ നല്‍കി തിരുവനന്തപുരം കൊമ്പന്‍സ് എഫ്.സി. രണ്ടാം സീസണിനൊരുങ്ങി. പുതിയ കോച്ചിന്റെ കീഴില്‍ അണിനിരക്കുന്ന ടീമിനെയും പുതിയ ജേഴ്സിയും ഇന്നലെ വെള്ളയമ്പലം ഹോംബ്രിഡ്ജില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് ഐപിഎസ് കായികപ്രേമികള്‍ക്ക് പരിചയപ്പെടുത്തി.
കളിക്കാര്‍ക്കൊപ്പം മുഖ്യപരിശീലകന്‍ ജെയിംസ് മക്ലൂണ്‍, സഹപരിശീലകന്‍ കാലി അലാവുദ്ദീന്‍, ടീം ക്യാപ്റ്റന്‍ പാട്രിക്ക് സില്‍വ മൊട്ട, ഗോള്‍കീപ്പര്‍ പരിശീലകന്‍ ബാലാജി നരസിംഹന്‍, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് ഫിന്റന്‍ ലെയ്ന്‍,കൊമ്പന്‍സ് എഫ്സി സിഇഒ എന്‍ എസ് അഭയകുമാര്‍, എഫ്സി സ്‌പോണ്‍സര്‍മാര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശം തന്നെ അത്ഭുതപ്പെടുത്തിയെന്ന് മുഖ്യപരിശീലകന്‍ ജെയിംസ് മക്‌ലൂണ്‍ പറഞ്ഞു. കേരളത്തിലെ കളിക്കാര്‍ ദേശീയതലത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്‌ക്കുന്നതിന് കാരണം ഈ ആവേശമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. രണ്ടാം സീസണില്‍ പുതിയ തന്ത്രങ്ങളും കോമ്പിനേഷന്‍സുമാകും പരീക്ഷിക്കുകയെന്നും അദ്ദേഹം പറഞ്ഞു. യുവനിരയുടെയും പരിചയസമ്പന്നരായ കളിക്കാരുടെയും മികച്ച ഒത്തുചേരലാണ് ഇത്തവണത്തെ ടീമിന്റെ കരുത്തെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. ഇന്ത്യയ്‌ക്ക് വേണ്ടി അണ്ടര്‍ 23 ടീമിലും , ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും, ഐ ലീഗിലും തിളങ്ങിയ മലയാളികളും മറുനാടന്‍ താരങ്ങളും ഇത്തവണ കൊമ്പന്‍ നിരയ്‌ക്ക് കരുത്തായുണ്ട്.