കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകനായ സൂരജിനെ കൊലപ്പെടുത്തിയക്കേസില്‍ ഒമ്പത് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി വിധി. കേസിലെ പത്താം പ്രതിയെന്ന് സംശയിച്ചിരുന്ന നാഗത്താന്‍ കോട്ട പ്രകാശനെ വെറുതെ വിട്ടു. തലശ്ശേരി ജില്ലാ സെക്ഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.
ഈ കേസില്‍ സിപിഎം പ്രവര്‍ത്തകരായ 12 പേരാണ് പ്രതി ചേര്‍ത്തിരുന്നത്. ഇതില്‍ രണ്ടുപേര്‍ വിചാരണ നടക്കുന്ന സമയത്ത് തന്നെ മരണപ്പെട്ടു. കേസിലെ ഒന്നാം പ്രതിയും പന്ത്രണ്ടാം പ്രതിയുമാണ് മരണപ്പെട്ടത്. ഈ കേസില്‍ പ്രതിയായ ടി.കെ രജീഷ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലും പ്രതിചേര്‍ത്തിട്ടുള്ള ആളാണ്.
സൂരജിനെ കൊന്ന കേസില്‍ ശിക്ഷാ വിധി വരുന്നത് 19 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം. 2005 ഓഗസ്റ്റ് ഏഴിന് രാവിലെയായിരുന്നു മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നിലിട്ട് വെട്ടിക്കൊന്നത്. ഓട്ടോയിലെത്തിയ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നുവെന്നാണ് കേസ്. ഇതിന് ആറുമാസം മുമ്പും സൂരജിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അന്ന് കാലിനാണ് വെട്ടേറ്റത്. തുടര്‍ന്ന് ആറുമാസം കിടപ്പിലായി. പിന്നീട് പുറത്തിറങ്ങിയപ്പോള്‍ കൊല നടപ്പാക്കി. 32 കാരനായിരുന്നു സൂരജ്. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്‍റെ പകയായിരുന്നു അരുംകൊലയ്ക്ക് കാരണം.