• Thu. Apr 3rd, 2025

24×7 Live News

Apdin News

സെക്രട്ടേറിയറ്റിന് മുന്നില്‍ മുടി മുറിച്ച് ആശമാരുടെ പ്രതിഷേധം; സമരം കടുപ്പിച്ച് ആശമാർ – Chandrika Daily

Byadmin

Mar 31, 2025


തിരുവനന്തപുരം:  മുഖം തിരിക്കുന്ന ഭരണകൂടത്തിന്റെ മുഖത്തേക്ക് ആശമാർ  മുടിമുറിച്ചെറിയുന്നു. വേതനവർധന ആവശ്യപ്പെട്ട് 50 ദിവസമായി തുടരുന്ന സമരത്തിനോട് അനുഭാവപൂർവമായ സമീപനം ഉണ്ടാകാത്ത സാഹചര്യത്തിലാണു സമരം കടുപ്പിച്ച് മുടിമുറിക്കൽ പ്രതിഷേധത്തിലേക്ക് കടക്കാൻ ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചത്.

കഴിഞ്ഞ മാസം 10ന് ആണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സമരം ആരംഭിച്ചത്. ഓണറേറിയം 21000 ആക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക, ഇൻസെൻടീവിലെ വ്യവസ്ഥകൾ ഒഴിവാക്കുക തുടങ്ങിയതായിരുന്നു ആവശ്യങ്ങൾ. ഭൂരിപക്ഷം വരുന്ന ആശമാരും ഭരണാനുകൂല സംഘടനയിൽപ്പെട്ടവർ. ഇടതുപക്ഷം ഒഴികെയുള്ള രാഷ്ട്രീയ നേതാക്കൾ സമരവേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചു. സമരം പൊളിക്കാൻ മറുസമരവുമായി സിഐടിയു രംഗത്തെത്തിയെങ്കിലും വിജയിച്ചില്ല.

അധികാരികളുടെ കണ്ണുതുറപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു സമരമെന്ന് സമരസമിതി നേതാവ് എസ്.മിനി പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ആദ്യം മുടി അഴിച്ചിട്ട് പ്രകടനം നടത്തി. പിന്നാലെ മുടി മുറിച്ച് പ്രതിഷേധിച്ചു. ഒരാൾ തല മുണ്ഡനം ചെയ്തു. പലരും വിതുമ്പിക്കരയുകയായിരുന്നു.

ആശമാർ കേന്ദ്രസ്കീമിലെ ജീവനക്കാർ ആണെന്നും ഓണറേറിയം കൂട്ടേണ്ടത് കേന്ദ്ര സർക്കാർ ആണെന്നും സംസ്ഥാന സർക്കാർ വാദിച്ചു. കേന്ദ്രവും സംസ്ഥാനവും പരസ്പരം വിരൽചൂണ്ടുമ്പോഴും സമരം ചെയ്തവരുടെ ആവശ്യം മാത്രം ആരും ഗൗനിച്ചില്ല. സെക്രട്ടേറിയേറ്റ് ഉപരോധം, നിരാഹാര സമരം അങ്ങനെ മുറകൾ ആശമാർ മാറ്റി മാറ്റി പരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് മുടി മുറിച്ചും പ്രതിഷേധിക്കാൻ ആശമാർ തീരുമാനിച്ചത്.



By admin