കൊച്ചി സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ‘ഹാല്‍’ സിനിമയെ കുറിച്ചുള്ള വിവാദം ഹൈക്കോടതി നേരിട്ട് കാണുന്നതോടെ പുതിയ വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്. ഇന്ന് വൈകിട്ട് 7 മണിക്ക് കാക്കനാട് പടമുഗളിലെ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോയില്‍ ജസ്റ്റിസ് വിജി. അരുണ്‍ സിനിമ കാണും.
സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ ചോദ്യം ചെയ്താണ് നിര്‍മ്മാതാവും സംവിധായകനും ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഹരജിക്കാരും, ഹരജിയെ എതിര്‍ക്കുന്നവരും, ഇരുപാര്‍ട്ടികളുടെയും അഭിഭാഷകരും പ്രദര്‍ശനത്തില്‍ പങ്കെടുക്കും. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് നിര്‍മ്മാതാക്കള്‍ കോടതിയെ അറിയിച്ചു.
സെന്‍സര്‍ ബോര്‍ഡ് നിരവധി രംഗങ്ങളും സംഭാഷണങ്ങളും ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയായിരുന്നു. ‘ബീഫ് ബിരിയാണി കഴിക്കുന്ന രംഗം,’ ‘ഗണപതിവട്ടം,’ ‘ധ്വജപ്രണാമം,’ ‘സംഘം കാവലുണ്ട്,’ ‘രാഖി’ തുടങ്ങിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടതായി അണിയറപ്രവര്‍ത്തകര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.
സിനിമ ഒരു മതത്തെയോ രാഷ്ട്രീയ സംഘടനയെയോ അപമാനിക്കുന്നില്ല എന്നതാണ് നിര്‍മാതാക്കളും സംവിധായകനും അഭിപ്രായപ്പെടുന്നത്. ”സമൂഹത്തില്‍ നടക്കുന്ന യാഥാര്‍ത്ഥ്യ പ്രശ്‌നങ്ങള്‍ പറയാനാണ് ശ്രമം. ബീഫ് ബിരിയാണിയല്ല, മട്ടന്‍ ബിരിയാണിയാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്,” എന്ന് അവര്‍ വിശദീകരിച്ചു.
സിനിമയുടെ പ്രമേയവും സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടും സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കോടതി പിന്നീട് എടുക്കും. ഈ കേസിന്റെ വിധി മലയാള സിനിമാ രംഗത്ത് സെന്‍സറിംഗ് പ്രക്രിയയെ സംബന്ധിച്ച പുതിയ മാര്‍ഗരേഖകള്‍ക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയും ഉണ്ട്.