തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ 50 ലക്ഷം വീടുകളില്‍ നേരിട്ടെത്തി സമ്പര്‍ക്കം നടത്താന്‍ ബി ജെ പി. സംസ്ഥാനതല ഗൃഹസമ്പര്‍ക്ക യജ്ഞവും നിധിശേഖരണവും സെപ്തംബര്‍ 25 ന് ആരംഭിക്കും.തിരുവനന്തപുരം നഗരമധ്യത്തിലെ രാജാജി നഗറിലെ വീടുകളില്‍ സമ്പര്‍ക്കം നടത്തി വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സമ്പര്‍ക്കയജ്ഞത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കും. ഇടതു വലതു മുന്നണി ഭരണത്തില്‍ സംസ്ഥാനം നേരിടുന്ന പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടിയും ബി ജെ പി മുന്നോട്ടുവെയ്‌ക്കുന്ന വികസിത കേരളം യാഥാര്‍ത്ഥ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ മുന്നോട്ടു വെച്ചുമാണ് ബിജെപി ഓരോ വീടുകളിലേക്കും എത്തുന്നത്.
‘മാറാത്തത് ഇനി മാറും’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സമ്പര്‍ക്ക പരിപാടി ബി ജെ പി ആരംഭിക്കുന്നത്.ഗൃഹസമ്പര്‍ക്ക യജ്ഞത്തിന്റെ ഉദ്ഘാടന ദിനത്തില്‍ കൊല്ലത്ത് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരനും പത്തനംതിട്ടയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയും നേതൃത്വം നല്‍കും.
ശോഭാ സുരേന്ദ്രനും അഡ്വ.പി.സുധീറും ആലപ്പുഴയിലും കുമ്മനം രാജശേഖരന്‍ കോട്ടയത്തും പി.സി.ജോര്‍ജ് ഇടുക്കിയിലും അഡ്വ. എസ്.സുരേഷ് എറണാകുളത്തും പങ്കെടുക്കും. തൃശൂരില്‍ പത്മജ വേണുഗോപാല്‍, പാലക്കാട് പി.കെ കൃഷ്ണദാസ്, മലപ്പുറം എ എന്‍ രാധാകൃഷ്ണന്‍, കോഴിക്കോട് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, വയനാട് എ.പി.അബ്ദുള്ളക്കുട്ടി, കണ്ണൂരില്‍ സി കെ. പദ്മനാഭന്‍, കാസര്‍കോട് എം.ടി. രമേശ് എന്നിവരും നേതൃത്വം നല്‍കും.