ലോക രാഷ്‌ട്രീയത്തില്‍ ചിലപ്പോള്‍ ഒരു വാക്ക് പോലും പറയാതെ നേതാക്കള്‍ ചരിത്രം എഴുതാറുണ്ട്. നിശബ്ദതയുടെ ഭാരവും ഭാവവും വാക്കുകളേക്കാള്‍ ശക്തമായി പ്രതികരിക്കുന്ന അപൂര്‍വ്വ നിമിഷങ്ങള്‍. ഇന്ന് ആ അനുഭവം ലോകം കാണുന്നത് ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താരിഫ് വര്‍ധനയുടെ ചുറ്റിപ്പിണഞ്ഞ കുടുക്കില്‍ ഭാരതത്തെ ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍, മോദി തിരഞ്ഞെടുത്തത് മൗനത്തിന്റെ മാര്‍ഗമാണ്.
വാഷിങ്ടണിലെ ഭരണകൂടം പതിവായി അറിഞ്ഞത് മറ്റൊരു രീതിയാണ്. താരിഫ് പ്രഖ്യാപിച്ചാല്‍ അത് ബാധിക്കുന്ന രാഷ്‌ട്രങ്ങളുടെ തലവന്മാര്‍ ട്രംപിനെ നേരിട്ട് വിളിക്കും, അപേക്ഷിക്കും, തിയതി നീട്ടാന്‍ സമ്മതിപ്പിക്കും. അമേരിക്കന്‍ പ്രസിഡന്റും ‘ഓകെ’ പറയും. പക്ഷേ ഭാരതത്തിന്റെ കാര്യത്തില്‍ കഥ മാറി. ട്രംപ് കാത്തിരുന്നു പക്ഷേ, മോദിയുടെ വിളി വന്നില്ല. അപേക്ഷ പോലും എത്തിയില്ല. മറിച്ച് മൗനം.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള സംഭവ വികാസങ്ങള്‍ അമേരിക്കക്ക് അപ്രതീക്ഷിതമായിരുന്നു. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ ഭാരത വ്യോമസേന നടത്തിയ കടന്നു കയറ്റം, ഉരുക്ക് കോട്ടകള്‍ക്കുള്ളില്‍ വരെ ബ്രഹ്മോസ് മിസൈല്‍ പതിച്ചതിന്റെ ഞെട്ടല്‍ എല്ലാം തന്നെ വാഷിങ്ടണില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി. ഭാരതത്തിന് സൈനിക ശേഷി മാത്രമല്ല, രാഷ്‌ട്രീയ മനസാക്ഷിയും ഉള്ളതായി ലോകം തിരിച്ചറിഞ്ഞ നിമിഷം.
അതിനുശേഷം അമേരിക്കന്‍ പ്രസിഡന്റ് പല രീതികളിലും ഭാരതത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു. ”ഭാരതത്തിന്റെ പോര്‍ വിമാനങ്ങള്‍ പാകിസ്ഥാനില്‍ വീണു” എന്ന തെളിവില്ലാത്ത പ്രസ്താവനകള്‍, താരിഫ് കൂട്ടിയ പ്രഖ്യാപനങ്ങള്‍, ട്വിറ്ററിലെ പൊതു പ്രകോപനങ്ങള്‍ തുടങ്ങി ഒട്ടനവധി മാര്‍ഗങ്ങള്‍ പരീക്ഷിച്ചു. പക്ഷേ മോദിയുടെ മറുപടി എല്ലാം മൗനം. വിളിയില്ല, പ്രതികരണ പ്രസ്താവനയില്ല, ‘അനങ്ങാത്ത’ ഒരു സൈക്കോളജിക്കല്‍ ശക്തി മാത്രം.
അതേസമയം ഭാരതം പ്രതികാര മാര്‍ഗം തിരഞ്ഞെടുത്തത് മറ്റൊരു പാതയിലാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും നേരിട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ കണ്ടു. എണ്ണ വ്യാപാരത്തിന് പകരം പണമിടപാടിന്റെ പുതിയ വഴികള്‍ കണ്ടെത്തി. ബ്രിക്‌സ് സഖ്യത്തില്‍ ചൈനയുമായും ചര്‍ച്ചകള്‍ തുടങ്ങി.
ലോക സമ്പദ്വ്യവസ്ഥയില്‍ ഡോളര്‍ ഇപ്പോഴും പൊതു കറന്‍സിയായിരിക്കുകയാണ്. എന്നാല്‍ ബ്രിക്‌സ് കൂട്ടായ്‌മ അത് വെല്ലുവിളിക്കുന്നു. അമേരിക്കയുടെ 32 ട്രില്യണ്‍ ഡോളറിന്റെ കടവും ഭാരതത്തിന്റെ മൂന്ന് ട്രില്യണും തമ്മിലുള്ള വ്യത്യാസം, ഡോളര്‍ തകര്‍ന്നാല്‍ ഉണ്ടാവുന്ന ഭാവി പ്രതിസന്ധി എല്ലാം കൂടി അമേരിക്കയെ ആശങ്കയില്‍ മുക്കുന്നു.
ബ്രിക്‌സ് നേതാക്കള്‍ എല്ലാവരും താരിഫ് വിഷയത്തില്‍ തുറന്നുപറഞ്ഞപ്പോള്‍ പോലും, മോദി ഒന്നും പറഞ്ഞില്ല. അമേരിക്കയെപ്പറ്റിയോ ട്രംപിനെപ്പറ്റിയോ ഒരു വാക്കും. ലോകത്തിനു മുന്നില്‍ അത് അവഗണനയുടെ മൂര്‍ദ്ധന്യാവസ്ഥയായി വായിക്കപ്പെട്ടു. എന്നാല്‍ അതില്‍ ഒളിഞ്ഞിരുന്നത് ഭാരതത്തിന്റെ ആത്മവിശ്വാസമാണ്. സ്വാതന്ത്ര്യവും സ്വാഭിമാനവും ഭാരതം ലോകത്തിന്റെ മുന്നില്‍ പ്രഖ്യാപിച്ചത്, മൗനത്തിലൂടെ തന്നെയാണ്.
അമേരിക്കയിലെ ‘ഡീപ് സ്റ്റേറ്റ്’ ഭാരതത്തിലെ രാഷ്‌ട്രീയ സ്ഥിരതയെ നശിപ്പിക്കാന്‍ ശ്രമിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരായ ആരോപണങ്ങളും അക്രമങ്ങളും അതിന്റെ ഭാഗമായിരിക്കും. അതിനാല്‍ ഭാരതത്തിന്റെ സുരക്ഷയും രാഷ്‌ട്രീയ സ്ഥിരതയും കാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. നരേന്ദ്ര മോദിയുടെ സൈക്കോളജിക്കല്‍ നിശബ്ദത ഇന്ന് ലോക രാഷ്‌ട്രീയത്തില്‍ പഠിക്കപ്പെടേണ്ട വിഷയമായി മാറി. ചിലപ്പോള്‍ മൗനം തന്നെയാണ് ഏറ്റവും പ്രബലമായ പ്രസംഗം. ഭാരത പ്രധാനമന്ത്രി അത് തെളിയിച്ചു.