മുംബൈ: മോഷണ ശ്രമത്തിനിടെ നടന്‍ സൈഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകാന്‍ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം. പ്രതി മുഹമ്മദ് ഷരീഫുള്‍ ഇസ്‌ലാം ഷെഹ്‌സാദിനെ കോടതി നടപടികള്‍ക്കായി കോടതിയില്‍ എത്തിച്ചപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കിയതോടെ വാദിക്കാന്‍ ഒരു അഭിഭാഷകന്‍ മുന്നോട്ടുവന്ന് വക്കാലത്തില്‍ ഒപ്പിടിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് മറ്റൊരു അഭിഭാഷകനും വക്കാലത്തുമായി രംഗത്തെത്തി. ഇതോടെ, പ്രതിക്കുവേണ്ടി ആര് ഹാജരാകുമെന്ന ആശയകുഴപ്പമുണ്ടായി. തുടര്‍ന്ന് രണ്ട് പേരോടും ഷെഹ്സാദിനെ പ്രതിനിധീകരിക്കാന്‍ മജിസ്ട്രേറ്റ് നിര്‍ദ്ദേശിച്ചു. ഇവരും സമ്മതിക്കുകയും ചെയ്തു. കോടതി ഷെഹ്സാദിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
വ്യാഴാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ബാന്ദ്ര വെസ്റ്റിലെ വീട്ടില്‍ വെച്ച് നടന്‍ ആക്രമിക്കപ്പെടുന്നത്. മോഷണശ്രമത്തിനിടെ താരത്തിന് കുത്തേറ്റുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആറു കുത്തുകളാണ് ഏറ്റത്. അതില്‍ രണ്ടെണ്ണം ആഴത്തിലുള്ളതും ഒരു മുറിവ് നട്ടെല്ലിനോട് ചേര്‍ന്നുമായിരുന്നു.