ന്യൂദല്‍ഹി: മ്യാന്മാര്‍ അതിര്‍ത്തിയിലെ സൈബര്‍ ക്രൈം കേന്ദ്രങ്ങളില്‍ നിന്ന് 266 ഇന്ത്യന്‍ പൗരന്മാരെക്കൂടി കേന്ദ്രസര്‍ക്കാര്‍ രക്ഷപ്പെടുത്തി തിരികെ എത്തിച്ചു. സംഘത്തില്‍ മൂന്നു മലയാളികളുമുണ്ട്. ഇവരെ പ്രത്യേക സൈനിക വിമാനങ്ങളില്‍ ദല്‍ഹിയിലെത്തിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ അതാതു സംസ്ഥാനങ്ങളിലേക്ക് അയച്ചുതുടങ്ങുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
തൊഴില്‍ തട്ടിപ്പിനിരയായും തട്ടിക്കൊണ്ടുപോകലിന് ഇരയായും സൗത്ത് ഈസ്റ്റ് ഏഷ്യയിലെ സൈബര്‍ ക്രൈം കേന്ദ്രങ്ങളില്‍ കുടുങ്ങിയ 549 പേരെയാണ് രണ്ട് ദിവസം കൊണ്ട് രക്ഷപ്പെടുത്തി തിരിച്ചെത്തിച്ചത്. തിങ്കളാഴ്ച 283 പേരെ ദല്‍ഹിയില്‍ തിരിച്ചെത്തിച്ചിരുന്നു. ആദ്യ സംഘത്തില്‍ എട്ട് മലയാളികളാണ് ഉണ്ടായിരുന്നത്. മ്യാന്മാറിലെയും തായ്‌ലന്റിലെയും ഇന്ത്യന്‍ എംബസികളും അവിടുത്തെ സര്‍ക്കാരുകളും സഹകരിച്ചാണ് ഇന്ത്യന്‍ പൗരന്മാരുടെ രക്ഷാദൗത്യം പൂര്‍ത്തിയാക്കിയത്. രണ്ടാം സംഘത്തില്‍ തിരിച്ചെത്തിച്ച മൂന്നു മലയാളികള്‍ ഇന്ന് വൈകിട്ടോടെ കേരളത്തിലെ വീടുകളിലേക്കെത്തും.